നരിക്കുനി : നരിക്കുനി സാമൂഹികാരോഗ്യകേന്ദ്രം നവീകരണത്തിന്റെ പാതയിൽ. ദേശീയാരോഗ്യദൗത്യം പദ്ധതി മുഖേന അനുവദിച്ച 37 ലക്ഷം രൂപ വകയിരുത്തിയാണ് നിലവിൽ നവീകരണപ്രവൃത്തികൾ പുരോഗമിക്കുന്നത്. താത്കാലികമായി ഐ.പി. ബ്ലോക്കിലേക്കും ഡെന്റൽ ഒ.പി.യോട് ചേർന്നുള്ള മുറിയിലേക്കും മാറ്റിയിരുന്ന ഒ.പി. ബ്ലോക്ക് നവീകരിച്ച് പുനഃസ്ഥാപിച്ചു. ഒ.പി. വൈകീട്ട് ആറുവരെ പ്രവർത്തിക്കുന്നു.
പ്രവൃത്തികൾ പുരോഗമിക്കുന്നു
ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയിൽ ആശുപത്രിക്ക് കവാടമൊരുക്കുന്ന പ്രവൃത്തി പുരോഗതിയിലാണ്. സുരക്ഷാ ജീവനക്കാർക്കുള്ള മുറിയോടുകൂടിയാണ് ഗേറ്റ് നിർമിക്കുന്നത്. ഐസൊലേഷൻ വാർഡ് നിർമാണം, ബ്ലോക്ക് പഞ്ചായത്തിന്റെ 13 ലക്ഷം വകയിരുത്തി ജനറേറ്റർ സ്ഥാപിക്കൽ, അഞ്ചുലക്ഷം രൂപയിൽ ഡെന്റൽ എക്‌സറേ മെഷീൻ സ്ഥാപിക്കൽ, വാർഡുകളുടെ നവീകരണം, റീ വയറിങ്, ഡെന്റൽ ഒ.പി. നവീകരണം എന്നീ പ്രവൃത്തികളും നടക്കുന്നു. കുഴൽക്കിണർ നിർമാണത്തിനായി രണ്ട് ലക്ഷവും തിമിരരോഗ നിർണയത്തിനുള്ള ഉപകരണം വാങ്ങുന്നതിനായി അഞ്ച് ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തി. ജീവിതശൈലീരോഗ ചികിത്സയ്ക്കായി ഒരു ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തി പ്രത്യേക കൗണ്ടർ തുടങ്ങാനുള്ള ഒരുക്കവും നടക്കുന്നു. ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സിന്റെ നവീകരണം പൂർത്തിയാക്കി. എന്നാൽ ഡോക്ടർമാർ ‘കോൾ ഡ്യൂട്ടി’യിലായതിനാൽ ഇവിടെ താമസത്തിന് ഉപയോഗപ്പെടുത്താത്ത സാഹചര്യമാണ്.
മൂന്നുകോടി രൂപയുടെ കെട്ടിടനിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. നിലവിൽ ഇതിനായി മണ്ണ് പരിശോധന പൂർത്തിയായിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം പുനഃസ്ഥാപിച്ച് സാമൂഹികാരോഗ്യകേന്ദ്രത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആതുരാലയമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.