കോഴിക്കോട് : കോഴിക്കോട്ട് രണ്ടിടങ്ങളിലായി മൂന്ന് സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് തെരുവ് നായയുടെ കടിയേറ്റു. മേപ്പയ്യൂരിൽ രണ്ട് വിദ്യാർത്ഥികൾക്കും അരിക്കുളത്ത് ഒരാൾക്കുമാണ് നായയുടെ കടിയേറ്റത്.മേപ്പയ്യൂരിൽ കളത്തിൽ സുബനീഷിന്റെ മകൾ തേജാ ലക്ഷ്മി (12)ഫയാസിന്റെ മകൻ സെബി മുഹമ്മദ് കമാൽ(7) എന്നിവർക്കാണ് കടിയേറ്റത്. തേജലക്ഷ്മിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സെബി മുഹമ്മദ് കമലിനെ കൊയിലാണ്ടി താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരിക്കുളത്ത് നിടുമ്പൊയിൽ സ്വദേശിയായ പന്ത്രണ്ടുവയസുകാരി തേജലക്ഷ്മിക്കാണ് കടിയേറ്റത്. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തിന് പലയിടത്തും കുറവില്ല. പാലക്കാട് മുൻ എം.എൽ.എ കെ.കെ.ദിവാകരൻ അടക്കം നാലുപേരെയാണ് ഇന്ന് തെരുവ് നായ കടിച്ചത്. നൂറണി തൊണ്ടിക്കുളത്ത് വച്ചായിരുന്നു ആക്രമണം. പതിവുപേലെ രാവിലെ നടത്തത്തിന് ഇറങ്ങിയതായിരുന്നു മോട്ടോർ, തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കെ.കെ.ദിവാകരൻ. എന്നും പോകുന്ന വഴിയിൽ അപ്രതീക്ഷിതമായിരുന്നു തെരുവ് നായയുടെ ആക്രമണം. കയ്യിലും കാലിലും പരിക്കേറ്റു. ദിവാകരനൊപ്പം മറ്റൊരു യുവാവിനും നായയുടെ കടിയേറ്റു. ഇന്നലെയും തൊണ്ടിക്കുളത്ത് രണ്ടുപേരെ തെരുവ് നായ ആക്രമിച്ചിരുന്നു. നഗരസഭ കൃത്യമായി ഇടപെടാത്തത് കൊണ്ടാണ് തെരുവ്നായ ശല്യം കൂടുന്നതെന്ന് കെ.കെ.ദിവാകരൻ കുറ്റപ്പെടുത്തി.