രാമനാട്ടുകര : ദേശീയപാത ആറുവരിപ്പാതാനിർമാണത്തിന്റെ ഭാഗമായി ഇടിമുഴിക്കലിൽ വാഹനഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി.
ദേശീയപാതയിൽ രാമനാട്ടുകരഭാഗത്തുനിന്ന് വരുമ്പോൾ ഇടിമുഴിക്കൽ കയറ്റത്തിലുള്ള പള്ളിയുടെ മുന്നിൽനിന്ന് വാഹനം ഇരുഭാഗത്തേക്കും പോകുന്നതിന് വേറെവേറെ റോഡുകളാക്കി. ഇതിനുവേണ്ടി പുതുതായി നിർമിക്കുന്ന അടിപ്പാതയുടെ അരികിലൂടെ സർവീസ്റോഡ് നിർമിച്ച് ടാറിങ് നടത്തി.
ഏകദേശം അരക്കിലോമീറ്റർ ദൂരത്തിൽ സർവീസ്റോഡ് നിർമിച്ചു. ആറുവരിപ്പാത നിർമാണം തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് രാവിലെയും വൈകുന്നേരവും രൂക്ഷമായിരുന്നു. പുതിയ ഗതാഗതക്രമീകരണം നാലുദിവസം മുൻപാണ് നടപ്പാക്കിയത്. ഇതോടെ ഗതാഗതക്കുരുക്കില്ലാതെ ഇരുവശത്തേക്കും വാഹനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.
ഇടിമുഴിക്കൽനിന്ന് കൊളക്കുത്ത് റോഡിലേക്ക് പോകുന്ന സ്ഥലത്ത് അടിപ്പാതയുടെ നിർമാണം വളരെവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. നിസരി ജങ്‌ഷനിൽ അടിപ്പാതയ്ക്കുവേണ്ട കൂറ്റൻ കോൺക്രീറ്റ് ഭീമുകളുടെ നിർമാണവും നടക്കുന്നു.
ദേശീയപാത 66-ൽ രാമനാട്ടുകരമുതൽ വളാഞ്ചേരി വരെയുള്ള 39.68 കിലോമീറ്റർ റോഡ് ആറുവരിപ്പാതയാക്കുന്നതിന് 1945.06 കോടി രൂപയാണ് ചെലവ്. ആന്ധ്രപ്രദേശിലെ കെ.എൻ.ആർ. കൺസ്ട്രക്‌ഷൻ കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചാണ് റോഡ് നിർമാണം നടത്തുന്നത്.