നിയമം ലംഘിച്ച് സ്വകാര്യ ബസുകളുടെ പറപറക്കൽ ആര് പൂട്ടിടും...?



കോഴിക്കോട്: നാടിനെ നടുക്കിയ വടക്കാഞ്ചേരി അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകൾക്ക് പൂട്ടിടാൻ സംസ്ഥാന വ്യാപകമായ പരിശോധന നടക്കുമ്പോഴും സ്വകാര്യ ബസുകളുടെ മത്സരപ്പാച്ചിൽ തുടരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ദിനംപ്രതി ഉണ്ടായിട്ടും പൊലീസും മോട്ടോർ വാഹനവകുപ്പും കൈകെട്ടി നിൽക്കുകയാണ്. നഗരത്തിനകത്ത് 30 കിലോമീറ്റർ വേഗത, ഓവർടേക്കിംഗ് പാടില്ല, ഡോറില്ലാതെ ഓടരുത്, ഡോറിലിടിച്ച് ശബ്ദമുണ്ടാക്കിയും അനാവശ്യമായി ഹോണടിച്ചും മറ്റുവാഹനങ്ങളെ മറികടക്കരുത് തുടങ്ങി നിരവധി നിയമങ്ങൾ ട്രാഫിക് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റേതുമായിട്ടുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. എങ്ങനെയെങ്കിലും ഇറങ്ങേണ്ട സ്ഥലം എത്തിയാൽ മതിയെന്ന മാനസികാവസ്ഥയിലാണ് പലരും ഇത്തരം ബസുകളിൽ യാത്ര ചെയ്യുന്നത്. 
കോഴിക്കോട്- കണ്ണൂർ, കോഴിക്കോട്-കുറ്റ്യാടി, കോഴിക്കോട്- ബാലുശ്ശേരി റൂട്ടുകളിലാണ് ബസുകളുടെ മരണപാച്ചിൽ ഏറെയും. സമയക്രമം പാലിക്കാൻ മറ്റ് വാഹനങ്ങളെ പരിഗണിക്കാതെ ഇടതുവശത്തുകൂടിയും റോഡിന് പുറത്തേക്കിറങ്ങിയും ഓടുന്ന ബസുകൾ കണ്ണൂർ, കുറ്റ്യാടി റൂട്ടുകളിൽ സ്ഥിരം കാഴ്ചയാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ജീവനുംകൊണ്ട് രക്ഷപ്പെടുകയാണ്. അപകടങ്ങളുടെയും മരണത്തിന്റെയും കണക്കെടുത്താൽ നൂറുകണക്കിനു് വരും. അപകടത്തിലൂടെ നിരാലംബരായ കുടുംബങ്ങളും ഏറെ. എന്നിട്ടും മരണപ്പാച്ചിലിന് കുറവൊന്നും ഉണ്ടായില്ല. പരിശോധനകളും താക്കീതും പിഴ ഈടാക്കലും നടക്കുന്നുണ്ടെന്ന് അധികൃതർ പറയുമ്പോഴും ഒന്നും റോഡിൽ കാണാനില്ല.

സ്‌പെഷ്യൽ ഡ്രൈവ് നടത്തും: ആർ.ടി.ഒ കോഴിക്കോട്: ടൂറിസ്റ്റ് ബസുകളേക്കാൾ പ്രശ്‌നക്കാർ സ്വകാര്യബസുകളാണ്. വരുദിവസങ്ങളിൽ സ്വകാര്യ ബസുകളിൽ കർശന പരിശോധനയ്ക്കായി സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് റീജിയണൽ ട്രാസ്‌പോർട്ട് ഓഫീസർ കെ.ബിജുമോൻ പറഞ്ഞു. കർശന നടപടികൾ സ്വീകരിക്കാനാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ തീരുമാനം. ഇപ്പോഴത്തെ അപകട സാഹചര്യത്തിൽ ടൂറിസ്റ്റ് ബസുകളിൽ ഗതാഗത വകുപ്പിന്റെ നിർദ്ദേശ പ്രകാരമുള്ള പരിശോധനകൾ കഴിഞ്ഞാൽ സ്വകാര്യബസുകളെ കേന്ദ്രീകരിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന് തുടക്കമാവുമെന്നും ബിജുമോൻ പറഞ്ഞു.

Post a Comment

Previous Post Next Post