ഉല്ലാസയാത്രയ്ക്കായി ബേപ്പൂർ പുറങ്കടലിൽ ഇനി കപ്പലുകളും

ഉല്ലാസയാത്രയ്ക്കായി പരിഗണിക്കുന്ന എം.വി. മിനിക്കോയ്‌ എന്ന കപ്പൽ

ബേപ്പൂർ:ബേപ്പൂരിൽ വിനോദസഞ്ചാരികൾക്ക്‌ വീണ്ടും കടൽയാത്രയ്ക്ക്‌ കളമൊരുങ്ങുന്നു. ടൂറിസം ഭൂപടത്തിൽ ഇതിനകം സഞ്ചാരികളുടെ ശ്രദ്ധേയകേന്ദ്രമായിമാറിയ ‘ബേപ്പൂർ മറീന’ കേന്ദ്രീകരിച്ച്‌ കപ്പലിൽ പുറങ്കടൽയാത്രയ്ക്കാണ്‌ കളമൊരുങ്ങുന്നത്‌. കോവിഡിനുമുമ്പായി ‘ക്ലിയോപാട്ര’ എന്ന ഉല്ലാസ ബോട്ടിൽ ഏറെക്കാലം വിനോദസഞ്ചാരികൾ ബേപ്പൂർ കടലിൽ ഉല്ലാസയാത്ര നടത്തിയിരുന്നു.


കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ച സർവീസ് പിന്നീട്‌ പുനരാരംഭിച്ചില്ല. കേരള ഇൻലാൻ‍‍ഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉല്ലാസബോട്ട്‌ വാടകയ്ക്കെടുത്ത്‌ വാൻഡൺ ഷിപ്പിങ്‌ കമ്പനിയാണ്‌ കടലിൽ സഞ്ചാരികൾക്ക്‌ ഏറെ ആഹ്ലാദകരമായ യാത്രയൊരുക്കിയിരുന്നത്‌. ബേപ്പൂരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ബോട്ടിൽ സംഗീതമേള, വിരുന്നുസത്കാരം തുടങ്ങിയവയും നടന്നിരുന്നു. ഈ ഉല്ലാസബോട്ട്‌ യാത്ര തുടർന്നുനടത്തുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവംകാരണം ബോട്ടുനടത്തിപ്പുകാർ സഹികെടുകയും കമ്പനി വൻനഷ്ടത്തിൽ കലാശിക്കുകയുമായിരുന്നു.

ഇപ്പോൾ ബേപ്പൂർ കടലിലെ ഒഴുകുന്ന കടൽപ്പാലമാണ്‌ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം. നിത്യേന വർധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ താത്‌പര്യം കണക്കിലെടുത്ത്‌ ഇനി കപ്പലുകളിൽ ബേപ്പൂർ പുറങ്കടലിൽ യാത്രനടത്താനുള്ള സംവിധാനമാണ്‌ പരിഗണനയിലുള്ളത്. നേരത്തേ ബേപ്പൂർ തുറമുഖവും ലക്ഷദ്വീപും തമ്മിൽ യാത്രാബന്ധത്തിൽ ഏർപ്പെട്ടിരുന്നതും ഇപ്പോൾ കടൽനിയമപ്രകാരം സർവീസ്‌ നിർത്തിവെച്ചതുമായ ‘എം.വി. മിനിക്കോയ്‌’, ‘എം.വി. അമിൻദിവി’ എന്നീ കപ്പലുകളെ പുറങ്കടലിൽ വിനോദസഞ്ചാരികളുടെ യാത്രയ്ക്കായി ഉപയോഗപ്പെടുത്താനാണ്‌ തുറമുഖാധികൃതർ ആലോചിക്കുന്നത്‌. 150 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന കപ്പലുകളാണിത്‌.



കടൽയാത്രയ്ക്ക്‌ കപ്പലുകൾ ഉപയോഗപ്പെടുത്തുമ്പോൾ അതിന്‌ കേന്ദ്രനിയമം അനുസരിക്കേണ്ടിവരും. മർക്കന്റയിൽ മറൈൻ ഡിപ്പോർട്ട്‌മെന്റിന്റെ അനുമതി ലഭിച്ചാൽമാത്രമേ ബേപ്പൂർ പുറങ്കടലിൽ കപ്പൽവഴിയുള്ള ഏതുയാത്രയും പ്രാവർത്തികമാവുകയുള്ളൂ.

ബേപ്പൂരിൽനിന്ന്‌ കൊച്ചിക്ക്‌ ഉല്ലാസബോട്ട്‌ സർവീസ്‌ നടത്താൻ 2016-ൽ ആലോചന ഉണ്ടായിരുന്നുവെങ്കിലും നടപ്പായില്ല. ഇതിനായി 15 കോടി രൂപ ചെലവിൽ ബോട്ട്‌ ഇറക്കുമതിചെയ്തിരുന്നു.

/>
കോഴിക്കോട്‌ നഗരത്തെ ബന്ധിപ്പിച്ചുകൊണ്ട്‌ ബേപ്പൂർ തുറമുഖത്തേക്കും കൊച്ചി തുറമുഖത്തേക്ക് തിരിച്ചുമുള്ള ഉല്ലാസ യാത്രയായിരുന്നു ലക്ഷ്യം. 130 പേർക്ക്‌ ഇരിക്കാൻ സംവിധാനമുള്ള ഉല്ലാസബോട്ടായിരുന്നു ഇത്‌.

മൂന്നുമണിക്കൂർകൊണ്ട്‌ ബേപ്പൂരിൽനിന്ന്‌ കൊച്ചിയിലെത്താൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഒടുവിൽ പദ്ധതി പൊളിയുകയായിരുന്നു. കേരള ടൂറിസം വകുപ്പും ബേപ്പൂർ തുറമുഖാധികൃതരും ബേപ്പൂർ കടലിലെ കപ്പൽയാത്രാപദ്ധതിയുടെ പണിപ്പുരയിലാണിപ്പോൾ.

Post a Comment

Previous Post Next Post