തിരുവമ്പാടി : ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിൽ പങ്കാളിയാകുന്നതിന്റെ മുന്നോടിയായി നോർവീജിയൻ വിദഗ്ധസംഘം മറിപ്പുഴ സന്ദർശിച്ചു.
നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡൊമിനിക് ലാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വന്നത്. ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് തുരങ്കപാതയെന്ന് ഡൊമിനിക് ലാങ് പറഞ്ഞു. തുടർനടപടികൾ സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നോർവേ സന്ദർശനത്തിൽ തുരങ്കപാതാനിർമാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് ഇരുസർക്കാരുകളും ധാരണാപത്രം ഒപ്പിട്ടിരുന്നു. ഏഴുകിലോമീറ്റർ അടിയിലുള്ള പാറയുടെ സ്വഭാവം മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ ഇവരുടെ പക്കലുണ്ട്. മണ്ണിടിച്ചിൽ, തീരശോഷണം എന്നിവയുടെ പഠനത്തിലും പങ്കാളികളാകും.
ഡോ. കെ. രവിരാമൻ, ഡോ. വി. നമശ്ശിവായം (ഇരുവരും എക്സ്‌പേർട്ട് അംഗങ്ങൾ, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്), ഡോ. വി. സന്തോഷ് (ചീഫ് ഡിവിഷൻ പെർസ്‌പെക്റ്റീവ് പ്ലാനിങ്), ഡോ. ശേഖർ കുരിയക്കോസ് (മെമ്പർ സെക്രട്ടറി, സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി), ബീരേന്ദ്ര കുമാർ (ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കൊങ്കൺ റെയിൽവേ), വിശ്വപ്രകാശ് (സൂപ്രണ്ടിങ് എൻജിനിയർ, പൊതുമരാമത്ത്), ഹാഷിം (എക്സിക്യുട്ടീവ് എൻജിനിയർ, പൊതുമരാമത്ത്), മിഥുൻ (അസി. എക്സി. എൻജിനീയർ പൊതുമരാമത്ത്) എന്നിവർ ഉൾപ്പെടുന്ന സംഘമാണ് തുരങ്കപാത പ്രദേശം സന്ദർശിച്ചത്. ലിന്റോ ജോസഫ് എം.എൽ.എ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉൾപ്പെടെ ജനപ്രതിനിധികളും കൂടെയുണ്ടായിരുന്നു.