നരിക്കുനിയിൽ വനിത പിങ്ക് ഫിറ്റ്നസ് സെന്റർ റെഡി; സ്ത്രീകൾക്കും മസിൽ പെരുപ്പിക്കാം



 
കോഴിക്കോട്: സ്ത്രീകളുടെ ആരോഗ്യവും ആത്മവിശ്വാസവും ഉയർത്തുന്നതിനായി നരിക്കുനിയിൽ പിങ്ക് ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നു. ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന യെസ് അയാം പദ്ധതിയുടെ ഭാഗമായാണ് നരിക്കുനിയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിത പിങ്ക് ഫിറ്റ്‌നസ് സെന്ററർ നിർമ്മിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരത്തിൽ ബ്ലോക്ക് വാർഷിക പദ്ധതി 2021- 22 വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി ഫിറ്റ്‌നസ് സെന്റർ ആരംഭിക്കുന്നത്.
വനിതകൾക്ക് അവരുടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച ആരോഗ്യം നിലനിർത്തുന്നതിനും പദ്ധതി സഹായകരമാകും. മിതമായ നിരക്ക് മാത്രമാണ് ഫിറ്റ്‌നസ് സെന്ററിൽ ഈടാക്കുക. നരിക്കുനി ബ്ലോക്ക് സാക്ഷരതാഭവൻ കേന്ദ്രീകരിച്ചാണ് ഫിറ്റ്‌നസ് സെന്റർ പ്രവർത്തിക്കുക. നരിക്കുനി കുടുംബശ്രീ സി.ഡി.എസിനാണ് കേന്ദ്രത്തിന്റെ പ്രവർത്തനചുമതല.

സംസ്ഥാന സർക്കാരിന്റെ ആയിരത്തിൽ അഞ്ച് പേർക്ക് തൊഴിൽ നൽകുക എന്ന നയത്തിന്റെ കൂടി ഭാഗമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീയിലെ അഞ്ചുപേർക്ക് പദ്ധതി വഴി തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ സാധിക്കും. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നയത്തിന്റെ ഭാഗമായുള്ള പദ്ധതി മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാണ്.


ജില്ലയിൽ ആദ്യമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ പറഞ്ഞു. വരും വർഷങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കക്കോടിയിലെ ഫിറ്റ്‌നസ് സെന്ററും ഉദ്ഘാടനത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post