മൂരാട്: ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബർ 18 മുതൽ 25 വരെ പാലം വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി വാഹനഗതാഗതം നിയന്ത്രിക്കണമെന്ന എൻ.എച്ച്.എ.ഐയുടെ ആവശ്യപ്രകാരമാണ് തീരുമാനം. യാത്ര സുഗമമാക്കാൻ ആവശ്യമുള്ള സ്ഥലങ്ങളിൽ ദിശാ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളും പ്രയോജനപ്പെടുത്തി സമയബന്ധിതമായി പാലം പ്രവൃത്തി പൂർത്തിയാക്കണമെന്നും നിർദ്ദേദം നൽകിയിട്ടുണ്ട്. പാലത്തിന്റെ സ്ഥിരതയും മറ്റ് സാങ്കേതിക വിശദാംശങ്ങളും എൻഎച്ച്എഐയും ബന്ധപ്പെട്ട കരാറുകാരനും ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി തലശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ പെരിങ്ങത്തൂർ - നാദാപുരം - കുറ്റ്യാടി - പേരാമ്പ്ര - ഉള്ളിയേരി - അത്തോളി - പൂളാടിക്കുന്ന് വഴി കോഴിക്കോട് നഗരത്തിൽ പ്രവേശിക്കണം. കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് വരുന്ന ചരക്ക് വാഹങ്ങൾ പൂളാടിക്കുന്ന്- അത്തോളി- ഉള്ളിയേരി- പേരാമ്പ്ര- കുറ്റ്യാടി- നാദാപുരം-പെരിങ്ങത്തൂർ വഴി തലശ്ശേരിയിൽ പ്രവേശിക്കേണ്ടതാണ്.
യാത്രക്കാരുമായി വരുന്ന വാഹനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ പതിനൊന്ന് വരെയും, വെെകീട്ട് മൂന്ന് മണി മുതൽ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ഗതാഗതം അനുവദിക്കും. ബാക്കി സമയങ്ങളിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതാണ്.
യാത്രക്കാരുമായി വടകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വടകര-പണിക്കോട്ടി റോഡ്-മണിയൂർ ഹൈസ്കൂൾ-തുറശ്ശേരി മുക്ക്-തുറശ്ശേരിക്കടവ് പാലം-കിഴൂർ ശിവക്ഷേത്രം ജങ്ഷൻ വഴി പയ്യോളിയിൽ പ്രവേശിക്കേണ്ടതാണ്.
പയ്യോളി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് വരുന്ന യാത്രാ വാഹനങ്ങൾ പയ്യോളി-തച്ചൻകുന്ന്-അട്ടക്കുണ്ട് പാലം-ബാങ്ക് റോഡ് വഴി വടകര ടൗണിൽ പ്രവേശിക്കും.
കൊയിലാണ്ടിയിൽ നിന്നും വടകരയിലേക്കുള്ള സ്വകാര്യ ലോക്കൽ ബസുകൾ ഗതാഗത നിയന്ത്രണമുള്ള സമയങ്ങളിൽ ഇരിങ്ങൽ ഓയിൽമിൽ ജങ്ഷനിൽ യാത്രക്കാരെ ഇറക്കി തിരികേ പോകേണ്ടതാണ്. വാഹനം വഴി തിരിച്ചുവിടുന്ന സമാന്തര റോഡുകൾ പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും നിർദ്ദേശിച്ചു.