കോഴിക്കോട് : സിറ്റി ഗ്യാസ് പദ്ധതിവഴി വീടുകളിലേക്ക് പ്രകൃതിവാതകം എത്തിത്തുടങ്ങി. ഉണ്ണികുളം പഞ്ചായത്തിലെ 52 വീടുകളിലാണ് പൈപ്പ് വഴിയുള്ള പാചകവാതകം എത്തിയത്. 81 വീടുകളിലേക്ക് കണക്ഷൻ നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്.
ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന്റെ ഉണ്ണികുളത്തുള്ള സിറ്റി ഗേറ്റ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്റ്റേഷനി(ഡി.ആർ.എസ്.)ൽ നിന്നാണ് പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി.)വിതരണം ചെയ്യുന്നത്. ഉണ്ണികുളം പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, എട്ട്, 14 വാർഡുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ രജിസ്‌ട്രേഷനും നടക്കുന്നുണ്ട്.
ബാലുശ്ശേരിയിലും ഉണ്ണികുളം പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിലും പൈപ്പ് ലൈൻ വിപുലീകരിക്കാനുള്ള സർവേയും മുന്നോട്ടുപോകുകയാണ്.
ഡിസംബറോടെ 300 വീടുകളിൽ
ഡിസംബർ അവസാനത്തോടെ 300-ഉം 2023 ജൂണോടെ 5000 വീടുകളിലും ഗ്യാസ് എത്തിക്കുകയാണ് ലക്ഷ്യം. കിനാലൂരിലെ കെ.എസ്.ഐ.ഡി.സി. വ്യവസായ പാർക്കിലേക്ക് ഗ്യാസ് എത്തിക്കാനുള്ള നടപടിയും തുടങ്ങി.
പാചകവാതകവിതരണത്തിനുള്ള വ്യത്യസ്തമർദത്തിലുള്ള 21 കിലോമീറ്റർ പൈപ്പ് ലൈനും ഒന്നാംഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലേക്ക് പ്രകൃതിവാതകം എത്തിക്കുന്നതിന് 23.9 കിലോമീറ്റർ (ഉണ്ണികുളം-കുന്ദമംഗലം) സ്റ്റീൽ പൈപ്പ് ലൈനും കമ്മിഷൻചെയ്തു. രണ്ടാംഘട്ടം 42 കി.മീ. പൈപ്പിടേണ്ടി വരും.
കോർപ്പറേഷൻ പരിധിയിൽ പാവങ്ങാട് മുതൽ നല്ലളം വരെ 14 കിലോമീറ്ററിൽ പരിശോധനകളും വാൽവ് സ്ഥാപിക്കലും ഉടൻ തുടങ്ങും. മാവൂർ റോഡിലും പണി നടക്കുന്നുണ്ട്.
റെഗുലേറ്റിങ് സ്റ്റേഷൻ ആറിടങ്ങളിൽ
വീടുകളിലേക്ക് ഗ്യാസ് എത്തിക്കുന്നതിന് മർദം കുറയ്ക്കാനുള്ള ഡിസ്ട്രിക്ട് റെഗുലേറ്റിങ് സ്റ്റേഷനുകൾ നഗരത്തിൽ ആറിടത്ത് തുടങ്ങും. ചേവായൂർ, കണ്ടംകുളം ജൂബിലിഹാളിനരികിലുള്ള രാമൻ മേനോൻ റോഡിനുസമീപം, ബീച്ചിൽ ബി.എസ്.എൻ.എൽ. ഓഫീസിനടുത്ത്, ആദായനികുതി ഓഫീസിന് മുൻവശത്തുള്ള ബസ് സ്റ്റോപ്പിനരികെ, വെസ്റ്റ്ഹിൽ ഗരുഡൻകുളം പാർക്കിന് പിന്നിലുള്ള സ്ഥലം എന്നിവയെല്ലാം പരിഗണിക്കുന്നുണ്ട്. കോർപ്പറേഷന്റെ അനുമതിലഭിച്ചാൽ തുടർനടപടികളെടുക്കും.12 സി.എൻ.ജി. പമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ എകരൂൽ, ഓമശ്ശേരി, കടലുണ്ടി, പടനിലം, കല്പറ്റ എന്നിവിടങ്ങളിലും സി.എൻ.ജി. പമ്പുകൾ തുടങ്ങുമെന്ന് സിറ്റി ഗ്യാസ് അധികൃതർ അറിയിച്ചു.
രജിസ്‌ട്രേഷനും നിരക്കും
വീടുകളിലേക്ക് പ്രകൃതിവാതക കണക്ഷനെടുക്കാൻ പ്രാഥമികനിരക്കായി 7118 രൂപയാണ് അടയ്ക്കേണ്ടത്. ഇതിൽ 6000 രൂപ തിരികെലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റാണ്. തവണകളായും അടയ്ക്കാം. ഗ്യാസ് ഉപയോഗിക്കുന്നതിനുള്ള ഏറ്റവുംകുറഞ്ഞ പ്രതിമാസനിരക്ക് 75 രൂപയാണ്. അടുക്കളയിലും മറ്റും അധികസൗകര്യമൊരുക്കണമെങ്കിൽ കൂടുതൽ പണം നൽകേണ്ടിവരും.
ഫോൺ: 9061938933.
Tags:
City gas