കോഴിക്കോട്: വേൾഡ് കപ്പ് ഫുട്ബാൾ ആരവങ്ങൾ ലോകമെങ്ങും മുഴങ്ങുമ്പോൾ ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിന് വഴി തുറക്കുക എന്ന ലക്ഷ്യവുമായി കളിക്കാരെ വാർത്തെടുക്കാൻ കോഴിക്കോട് മൈതാനം ഒരുങ്ങുന്നു. 2023 ഫെബ്രുവരിയോടെ മൈതാനത്തിൽ പന്തുരുളും. ഡിഗോ മറഡോണയെന്ന ഫുട്‌ബോൾ ഇതിഹാസത്തെ വാർത്തെടുത്ത അർജന്റീനോസ് ജൂണിയേഴ്സിന്റെ പരിശീലകരുടെ ശിക്ഷണത്തിലാവും പരിശീലനം.
മലബാർ സ്‌പോർട്സ് ആൻഡ് റിക്രിയഷൻ ഫൗണ്ടേഷന്റെ (എം.എസ്.ആർ.എഫ്) നേതൃത്വത്തിൽ പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്‌കൂളിലാണ് ഗ്രൗണ്ടിലാണ് മൈതാനം ഒരുങ്ങുന്നത്. മൈതാനത്ത് ഉയർന്ന ഗുണ നിലവാരമുള്ള ബർമുഡ ഗ്രാസാണ് ഒരുക്കുന്നത്. കളിക്കാർക്ക് പരിക്കു പറ്റാനുള്ള സാദ്ധ്യത ബർമൂഡ ഗ്രാസിൽ കുറയും. 30 ദിവസത്തിനകം മൈതാനത്തെ പുല്ല് പൂർണ വളർച്ചയെത്തും. ഡ്രെയിനേജ് സംവിധാനവും ഫെൻസിംഗുമൊക്കെ ഇതിനോടകം പൂർത്തിയാവും.
ജനുവരിയോടെ അക്കാഡമിയിലേക്ക് കുട്ടികളെ സെലക്ട്‌ചെയ്യുമെന്ന് എം.എസ്.ആർ.എഫ് ചെയർമാനും മുൻ ഗോവ ചീഫ് സെക്രട്ടറിയുമായ ബി.വിജയൻ പറഞ്ഞു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അർജന്റീനിയോസ് ജൂണിയേഴ്സിന്റെ കോച്ചുകൾ കോഴിക്കോട്ടെത്തും. അവർ ഇവിടെ താമസിച്ച് കുട്ടികളെ പരിശീലിപ്പിക്കും. 13 വയസിനു താഴെയുള്ള ഫുട്ബാളിൽ മികവു പുലർത്തുന്ന കുട്ടികളെയാണ് തെരഞ്ഞെടുക്കുക. എം.എസ്.ആർ.എഫിന്റെ കീഴിൽ മലബാർ ചാലഞ്ചേഴ്സ് എന്ന ഫുട്‌ബോൾ ക്ലബ്ബും നിലവിൽ വരും. 2031ലെ അണ്ടർ 20 മത്സരത്തിലും 2034ലെ വേൾഡ് കപ്പ് ഫുട്‌ബോൾ മത്സരത്തിലും പങ്കെടുക്കാൻ രാജ്യത്തെ പ്രാപ്തമാക്കുകയും ദേശീയ ടീമിൽ മലബാർ ചാലഞ്ചേഴ്സിന്റെ മൂന്നു ഫുട്ബാൾ താരങ്ങളെയെങ്കിലും പങ്കെടുപ്പിക്കുകയുമാണ് എംഎസ്ആർഎഫിന്റെ ലക്ഷ്യം. പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിൽ കുട്ടികളെ താമസിപ്പിച്ച് പരിശീലനം നൽകും. 400 കുട്ടികളെ ഉൾക്കൊള്ളാവുന്ന റസിഡൻഷ്യൽ ഫുട്ബാൾ അക്കാഡമിയാണ് എംഎസ്ആർഎഫ് ലക്ഷ്യമിടുന്നത്.