ഓൺലൈൻ മാധ്യമപ്രവർത്തകരെന്ന് പറഞ്ഞ് വിദ്യാർഥികളുടെ വിനോദയാത്ര സംഘത്തെ തടഞ്ഞ് യുവാക്കളുടെ ഷോ, കേസെടുത്ത് പൊലീസ്



തിരുവനന്തപുരം: ഓൺലൈൻ മാധ്യമ പ്രവർത്തകർ എന്ന് പറഞ്ഞു വിനോദയാത്ര കഴിഞ്ഞെത്തിയ സ്കൂൾ സംഘത്തെ രാത്രിയിൽ തലസ്ഥാനത്ത് നഗരമധ്യത്തിലും പിന്നാലെ സ്കൂളിൽ എത്തിയും തടഞ്ഞുനിർത്തി ശല്യം ചെയ്ത യുവാക്കൾക്ക് എതിരെ പരാതി. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. ഫോർട്ട് ഗേൾസ് മിഷൻ എച്ച്എസ്എസിൽ നിന്നും കോട്ടയത്തേക്ക് ടൂർ പോയി മടങ്ങിയെത്തിയ സംഘത്തെയാണ് തമ്പാനൂർ ഓവർ ബ്രിജിനു സമീപം ഒരു സംഘം യുവാക്കൾ തടഞ്ഞുനിർത്തിയത്. ഇവർ ഓൺലൈൻ ചാനൽ പ്രവർത്തകർ ആണെന്ന് അവകാശപ്പെട്ടാണ് ബസ് നഗരമധ്യത്തിൽ തടഞ്ഞത്. ബസ് അമിതവേഗത്തിൽ ആണെന്നും പൊലീസിൽ പരാതി പെടുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി ഡ്രൈവർ പറഞ്ഞു.
അധ്യാപകർ യുവാക്കളെ ചോദ്യം ചെയ്തതോടെ യുവാക്കൾ പൊലീസിനെ വിളിച്ച് ഉത്തരവുകൾ ലംഘിച്ച് 11.30ന് വിദ്യാർത്ഥികളുമായി വിനോദ് യാത്ര പോകുന്ന ബസ് തടഞ്ഞിട്ടിരിക്കുന്നു എന്ന് അറിയിച്ചു. തുടർന്ന് നൈറ്റ് പട്രോളിംഗിൽ ഉണ്ടായിരുന്ന പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. വിവരങ്ങൾ അന്വേഷിച്ചപ്പോൾ ബസിൽ ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥിക്ക് വയ്യാതെ വന്നതിതാൽ ബസ് റോഡ് വശത്ത് നിർത്തിയതിനാൽ ആണ് തിരികെ എത്താൻ വൈകിയത് എന്ന് ബസ് ജീവനക്കാരും അധ്യാപകരും പറഞ്ഞു. യുവാക്കളുടെ സംഘം തങ്ങളെ പിന്തുടർന്നു ശല്യം ചെയ്യുകയായിരുന്നുവെന്നും യുവാക്കൾ അസഭ്യം വിളിച്ചതായും അധ്യാപകരും കുട്ടികളും പറയുന്നു. പലവട്ടം ബസിനെ മറികടക്കാൻ ശ്രമിച്ച സംഘം ഡ്രൈവറെ ഉൾപടെ അസഭ്യം പറഞ്ഞതായും പറയുന്നു.

ബസിൽ 46 വിദ്യാർത്ഥികളും 4 അധ്യാപകരും ആണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാർത്ഥികളെ തിരികെ എത്തിച്ച ശേഷം ബസ് ഡ്രൈവറോട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട് പൊലീസ് സംഘം മടങ്ങി. എന്നാൽ സ്കൂളിലേക്ക് ബസ് എത്തിയ സമയത്തും യുവാക്കളുടെ സംഘം പിന്തുടർന്നു എത്തി ഒരു മണിക്കൂറോളം സ്കൂൾ അധികൃതരുമായി വാക്കുതർക്കമുണ്ടക്കിയതായി പറയുന്നു. ഇതോടെ അധ്യാപകർ പൊലീസിനെ ബന്ധപ്പെട്ടു. തുടർന്ന് ഫോർട്ട് പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തി. വിദ്യാർത്ഥികളുമായി ടൂർ കഴിഞ്ഞ് തിരിച്ച് എത്തിയ ബസ്സ് ആണെന്നും ഒരു വിദ്യാർത്ഥിക്ക് സുഖമില്ലാതെ വന്നതിനാലാണ് ഒരു മണിക്കൂർ വൈകി എത്തിയത് എന്നും വിദ്യാർത്ഥികളെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് വഴിയിൽ ഇറക്കി വിടാൻ കഴിയില്ലല്ലോ എന്നും പൊലീസ് സംഘം ഓൺലൈൻ മാധ്യമ പ്രവർത്തകർ എന്ന് അവകാശപ്പെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ച യുവാക്കളോട് പറഞ്ഞു.


പരാതി ഉണ്ടെങ്കിൽ അത് എഴുതി നൽകാനും സംഘത്തോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇതോടെ പരാതി ഇല്ല എന്ന് പറഞ്ഞു യുവാക്കളുടെ സംഘം സ്ഥലം വിട്ടു. അടുത്ത ദിവസം സ്കൂൾ അധികൃതർ സംഭവത്തിൽ വിദ്യാർത്ഥികളെ നടുറോഡിൽ തടഞ്ഞു നിർത്തിയതിനും അസഭ്യം വിളിച്ചതിനും സ്കൂളിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും യുവാക്കൾക്ക് എതിരെ ഫോർട്ട് പൊലീസിൽ പരാതി നൽകി. എന്നാൽ സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

Post a Comment

Previous Post Next Post