മിഷൻ വിജയം; വലിയ ​യന്ത്രഭാഗങ്ങളുമായി ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി



കോഴിക്കോട്: തടഞ്ഞിട്ട ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്ലറുകൾ വെള്ളിയാഴ്ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു. 
താമരശ്ശേരി ഡി.വൈ.എസ്.പി, ടി.കെ.അഷ്റഫിൻ്റെ നേതൃത്വത്തിൽ പോലീസ് വാഹനത്തെ അനുഗമിച്ചു. താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ഫോറസ്റ്റ് റെയ്ഞ്ചർ രാജീവ് കുമാർ, എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ചുരത്തിലെത്തി. ഫയർ ആൻറ് റെസ്ക്യു ഫോഴ്സ് വനം വകുപ്പ് ഉദ്യോഗസ്ഥരും, കെ.എസ്. ഇ ബി. അധികൃതരും ചുരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ക്രെയിൻ സർവ്വീസും സജ്ജീകരിച്ചു

നെസ്ലെ കമ്പനിക്കു പാൽപൊടിയും മറ്റും നിർമിക്കാൻ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട രണ്ട് ട്രെയിലറുകൾ സെപ്റ്റംബർ പത്തിനാണ് താമരശ്ശേരിക്ക് അടുത്ത് ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിട്ടിരുന്നത്.   


ചുരം കയറിയാൽ ചുരത്തിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിൽ തടഞ്ഞിട്ട ട്രെയ്ലറുകൾ മാസങ്ങളുടെ കാത്തിരുപ്പിനൊടുവിലാണ് വിവിധ സംവിധാനങ്ങൾ ഏർപെടുത്തി ചുരം കയറാൻ അനുവദിച്ചത്. ട്രെയ്ലറുകൾ കയറുന്നതിൻ്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ച രാത്രി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളിയാഴ്ച പുലർച്ചെ 5 വരെയാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്.  

Post a Comment

Previous Post Next Post