പറപറക്കും വേഗത, 5ജി യിൽ പറക്കാൻ കേരളം കാത്തിരിക്കണ്ട! നാളെ എത്തും, മുഖ്യമന്ത്രി തുടക്കമിടും; അറിയേണ്ടതെല്ലാം



കൊച്ചി: ഇന്‍റ‍ർനെറ്റിന്‍റെ അതിവേഗതയ്ക്ക് ഇനി കേരളവും കാത്തിരിക്കണ്ട. കേരളത്തിലും 5 ജി വേഗതയുടെ ആദ്യ ഘട്ട സേവനത്തിന് നാളെ തുടക്കമാകും. കൊച്ചിയിൽ നാളെ മുതൽ റിലയൻസ് ജിയോയാണ് 5 ജി സേവനം ആദ്യമായെത്തിക്കുന്നത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് ആദ്യം ഘട്ടത്തിൽ സേവനം ലഭ്യമാകുക. കേരളത്തിലെ 5 ജി പ്രവർത്തനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഓൺ ലൈനിലൂടെയാകും മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.
നാല് നഗരങ്ങളിൽ നേരത്തെ തുടങ്ങി

നാല് നഗരങ്ങളിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ ജിയോ 5 ജി സേവനം എത്തിയിരുന്നു. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴിയാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് കേരളത്തിലും നാളെ 5 ജി സേവനത്തിന് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിലെ തെരഞ്ഞെടുത്ത മേഖലകളിലാണ് സേവനമെങ്കിലും അധികം വൈകാതെ തന്നെ മറ്റ് ഇടങ്ങളിലേക്കും 5 ജി എത്തും.

ഒക്ടോബറിൽ രാജ്യത്ത് 5 ജി സേവനത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21 -ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5 ജി സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് അന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. 2023 ന്‍റെ തുടക്കത്തിൽ തന്നെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം 5 ജി എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 2035 ഓടെ ഇന്ത്യയില്‍ 5 ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇക്കഴിഞ്ഞ ജൂലായ് അവസാനം ഏഴ് ദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്. 4 ജിയെക്കാൾ പത്ത് മുതൽ മുപ്പത് ഇരട്ടി വരെ വേഗതയായിരിക്കും 5 ജിക്ക് ഉണ്ടാകുക. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്കവാറും എല്ലാ സ്മാർട്ട്ഫോണുകളിലും 5 ജി കണക്ടിവിറ്റിയുണ്ട്.

രാജ്യത്ത് ജിയോയ്ക്ക് പിന്നാലെ ബിഎസ്എൻഎൽ 5 ജിയും എത്തുന്നു

അതേസമയം തന്നെ ജിയോക്ക് പിന്നാലെ 5 ജി സേവനങ്ങളുമായി ബി എസ് എൻ എല്ലും രംഗത്തേക്ക് എത്തുകയാണ്. വരും മാസങ്ങളിൽ തന്നെ ബി എസ് എൻഎ ല്ലിന്റെ 5 ജി സേവനം എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോ‍ര്‍ട്ടുകൾ പറയുന്നത്. അഞ്ചു മുതൽ ഏഴുമാസത്തിനകം ബി എസ് എൻ എൽ 5 ജി ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം - റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. ബി എസ് എൻ എല്ലിന്റെ രാജ്യത്തൊട്ടാകെയായുള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post