ജലവിഭവ വികസന വിനിയോഗകേന്ദ്രത്തിന് ഐ.എസ്.ഒ. അംഗീകാരം



കുന്ദമംഗലം : ജലപരിപാലനത്തിന്റെ സമസ്ഥ മേഖലകളിലെയും ഗവേഷണ വികസനാവശ്യങ്ങൾ നിറവേറ്റുന്ന ഗവേഷണസ്ഥാപനമായ കുന്ദമംഗലം ജലവിഭവ വികസന വിനിയോഗകേന്ദ്രത്തിന് (സി.ഡബ്ല്യു.ആർ.ഡി.എം.) മികവിന്റെ അംഗീകാരമായ ഐ.എസ്.ഒ. 9001-2015 സർട്ടിഫിക്കേഷൻ.
കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായരീതിയിൽ ജലശാസ്ത്ര പഠനങ്ങളും ജലപരിപാലനരീതികളും ആവിഷ്‌കരിക്കുന്നതിൽ സി.ഡബ്ല്യു.ആർ.ഡി.എം. നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് അംഗീകാരം. കോഴിക്കോട്ടെ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽവെച്ചും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനങ്ങളിലും ഈ അംഗീകാരം ലഭിക്കുന്ന ആദ്യസ്ഥാപനമാണ് സി.ഡബ്ല്യു.ആർ.ഡി.എം. 1978-ൽ കേരള സർക്കാരിന്റെ കീഴിൽ സ്വയംഭരണസ്ഥാപനമായി ആരംഭിച്ച സ്ഥാപനം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി പ്രവർത്തനം തുടർന്നു വരുകയാണ്.

ജലവിഭവ സാങ്കേതികവിദ്യ, ജലശാസ്ത്രം, ഭൂഗർഭജല ശാസ്ത്രം പരിസ്ഥിതിശാസ്ത്രം-സാങ്കേതികവിദ്യ, കാർഷിക ശാസ്ത്ര-സാങ്കേതികവിദ്യ, ജൈവവൈവിധ്യം, രസതന്ത്രം, കാലാവസ്ഥാശാസ്ത്രം, സാമൂഹികശാസ്ത്രം തുടങ്ങി വ്യത്യസ്തമേഖലകളിലെ വിദഗ്‌ധരായ 36 ശാസ്ത്രജ്ഞർ ഇവിടെ യോജിച്ച് പ്രവർത്തിക്കുന്നുണ്ട്.


ഇവിടത്തെ ജല ഗുണനിലവാര ലബോറട്ടറി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ്‌ കാലിബ്രേഷൻ അംഗീകാരം നേടിയതാണ്. കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് തുടങ്ങി നിരവധി സർവകലാശാലകളുടെ അംഗീകൃത ഗവേഷണ സ്ഥാപനമാണ് സി.ഡബ്ല്യു.ആർ.ഡി.എം. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നു.

Post a Comment

Previous Post Next Post