മിഠായി കടലാസുകൊണ്ട് സുധീഷ് പയ്യോളി ഗിന്നസ് ബുക്കിലേക്ക്



പയ്യോളി:മിഠായി കടലാസുകൾ കൊണ്ട് അക്വേറിയത്തിലെ സ്വർണ മത്സ്യത്തിന്റെ മൊസൈക് ചിത്രം തീർത്ത് ഡോ. സുധീഷ് പയ്യോളി ഗിന്നസ് റെക്കോർഡിന് ഉടമയായി. ആറായിരം മിഠായി കടലാസുകൾ കൊണ്ട് 15.75 ചതുരശ്ര മീറ്ററിൽ 10.17 മിനിറ്റ് മാത്രം സമയമെടുത്താണ് സുധീഷ് ഈ അത്ഭുതം തീർത്തത്. കഴിഞ്ഞ ജൂലൈ 28ന് വൈകിട്ട് 3.17ന് ആരംഭിച്ച ചിത്ര നിർമാണം പുലർച്ചെ 1.34നാണ് അവസാനിച്ചത്.
നേരത്തേ ലോകത്തിലെ ഏറ്റവും വലിയ മൊസൈക് ചിത്രം നിർമിച്ചത് ജപ്പാൻകാരനായ മോസ്ബർജർ കിയോക്കെയ് ആണ്. അദ്ദേഹത്തിന്റെ റെക്കോർഡ് ആണ് സുധീഷ് ഭേദിച്ചത്. ജപ്പാൻകാരൻ ഈ സമയം കൊണ്ട് തീർത്തത് 14.82 ചതുരശ്ര മീറ്റർ ചിത്രം ആയിരുന്നു. കഴിഞ്ഞ ജൂലൈ 28 നാണ് സുധീഷ് പേരാമ്പ്ര റോഡിൽ നെല്യേരി മാണിക്കോത്ത് ചിത്ര നിർമാണം ആരംഭിച്ചത്. പരിപാടി കാണാനെത്തിയവർക്കു സംഘാടകർ ആറായിരം മിഠായികൾ വിതരണം ചെയ്ത് അവരിൽ നിന്ന് കവറുകൾ തിരികെ വാങ്ങിയാണ് ചിത്ര നിർമാണം ആരംഭിച്ചത്.

ഇതുമായി ബന്ധപ്പെട്ട 600 രേഖകൾ ലണ്ടനിലെ ഗിന്നസ് അധികൃതർക്ക് ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് പ്രഖ്യാപനം ഉണ്ടായത്. സുധീഷ് ന്യൂമാഹി എംഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്. ചൊക്ലി ആർവിഎച്ച്എസ് സ്കൂളിലെ എസ്. ശ്രീജിഷയാണ് ഭാര്യ. ഋതുനന്ദ്, തേജ്വൽ എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post