പൈതൃകഛായയണിഞ്ഞ് പുതുവത്സരത്തിൽ തുറക്കാനൊരുങ്ങി ജൂബിലിഹാൾ



കോഴിക്കോട്: തളി പൈതൃക മേഖലയിലെ കെട്ടിടങ്ങളുടെ വേഷം പകർന്ന് കണ്ടംകുളം ജൂബിലി മെമ്മോറിയൽ ഹാൾ പുതുവത്സരത്തിൽ വീണ്ടും തുറക്കാനൊരുങ്ങുന്നു.
ടാഗോർ ഹാൾ പൊളിച്ചു മാറ്റാനായി അടച്ചതോടെ നഗരത്തിൽ പൊതുഹാളുകളുടെ കുറവ് പരിഹരിക്കാൻ നവീകരിച്ച ഹാൾ തുറക്കുന്നതോടെ ആവുമെന്നാണ് കോർപറേഷന്റെ പ്രതീക്ഷ. മുമ്പ് വിവാഹങ്ങളടക്കം നടന്നിരുന്ന ഹാളിൽ അറ്റകുറ്റപ്പണികൾ വന്ന് ഉപയോഗം കുറഞ്ഞതോടെയാണ് 2018ൽ നവീകരിക്കാൻ തീരുമാനിച്ചത്.

ഹാളിന്റെ മതിലുകൾ ചെങ്കൽ പാളികൾ ഒട്ടിച്ച് രൂപ മാറ്റം വരുത്തുന്നതും മുറ്റത്ത് കല്ല് വിരിക്കുന്നതും പെയിന്റിടിക്കലുമെല്ലാമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പുതിയ ഗേറ്റും വരും. ശീതീകരിച്ച ഹാളാണ് തയാറാവുന്നത്. മുകളിലെ ഹാളിലാണ് എ.സി പിടിപ്പിക്കുക. ഇവിടെ പാനലുകൾ പാകി മേൽക്കൂര വൃത്തിയാക്കി.

ഹാളിന്റെ വളപ്പിൽ മാലിന്യത്തിൽ കുളിച്ച് കിടന്ന കിണർ പല തവണ വാർത്തയായിരുന്നു. കിണർ വൃത്തിയാക്കി സ്ലാബിട്ട് മൂടിക്കഴിഞ്ഞു. ഒന്നാം നിലയിലാണ് ഹാളെങ്കിലും ഭിന്നശേഷിക്കാർക്കടക്കം കയറാനുള്ള റാമ്പ് സൗകര്യം തയാറായി.


പഴയ നാലു കെട്ടുകളുടെ മാതൃകയിൽ തൊട്ടടുത്ത കെട്ടിടങ്ങളോട് സാമ്യമുള്ള രീതിയിലേക്ക് ബിൽഡിങ് മാറ്റിയെടുത്തു. ഓടിനു പകരം ഷീറ്റുകളാണ് മേൽക്കൂരയിൽ വിരിച്ചതെന്നു മാത്രം. തനിമ തോന്നിക്കാനായി ഹാളിന്‍റെ വരാന്തയിൽ ഷീറ്റിനടിയിൽ മേച്ചിലോടുകൾ പാവുന്നുണ്ട്.

കോൺക്രീറ്റിലും സിമന്‍റിലും തീർത്ത ഹാളിന്‍റെ മതിലുകളിലും ചുറ്റുമതിലിലെന്ന പോലെ ചെങ്കൽപാളികൾ പതിപ്പിച്ച് വൃത്തിയാക്കി. ഹാളിന്‍റെ തറയിലും പുതിയ ടൈൽ വിരിച്ചു.

മേൽക്കൂര തളി ക്ഷേത്രത്തിന്‍റെ മാതൃകയിലാണെങ്കിലും മരപ്പണിക്ക് പകരം ഇരുമ്പ് പട്ടികകളും ലോഹ ഷീറ്റുകളും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

ഓഡിറ്റോറിയത്തിനൊപ്പം ഡൈനിങ് ഹാൾ, അടുക്കള എന്നിവയും നവീകരിച്ചു. താഴെ നിലയിലെ ഡൈനിങ് ഹാൾ മുകളിലെ പ്രധാന ഹാളിനേക്കാൾ വലുപ്പമുണ്ടായിരുന്ന സ്ഥിതിമാറ്റി കുറച്ചു ഭാഗം വാഹന പാർക്കിങ്ങിനായി മാറ്റി.


തളി ക്ഷേത്രത്തിന് പിറകിൽ കണ്ടംകുളത്ത് കൊതുകുവളർന്നപ്പോൾ കോർപറേഷൻ നികത്തിയെങ്കിലും വെറുതെ കിടക്കുകയായിരുന്നു.

പാളയത്ത് വരുന്ന മിനി ലോറി നിർത്തിയിടാൻ ഉപയോഗിച്ചിരുന്ന സ്ഥലത്ത് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷിക സ്മാരകമായി ജൂബിലി മെമ്മോറിയൽ കമ്യൂണിറ്റിഹാൾ പണിയാൻ തുടർന്ന് കോർപറേഷൻ തീരുമാനിക്കുകയായിരുന്നു.

2000 ജൂലൈ 30ന് മന്ത്രി കെ.ഇ. ഇസ്മയിൽ ഉദ്ഘാനം ചെയ്ത ഹാളാണിപ്പോൾ 22 കൊല്ലം കഴിഞ്ഞ് നവീകരിച്ചത്. നാല് കൊല്ലം മുമ്പ് തയാറാക്കിയ നവീകരണ പദ്ധതിയാണ് ഒടുവിൽ യാഥാർഥ്യത്തോടടുക്കുന്നത്.

Post a Comment

Previous Post Next Post