ബേപ്പൂർ: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ രണ്ടാം സീസണിലും ആവേശമായി
നാഷണൽ കൈറ്റ് ഫെസ്റ്റിവൽ. ബേപ്പൂരിൻ്റെ ആകാശം കീഴടക്കിയ ഡസൻ കണക്കിന് പട്ടങ്ങൾ
കാണികൾക്ക് ആവേശവും കൗതുകവുമുണർത്തി.
ഇത്തവണയും നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരും
ബേപ്പൂരിലെത്തിയിരുന്നു.
ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ
സ്‌പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ഐ ലൗവ് ബേപ്പൂർ തുടങ്ങി പല രൂപത്തിലുള്ള
പട്ടങ്ങളും ഫെസ്റ്റിവലിൽ അണിനിരന്നിരുന്നു.
വിദേശ രാജ്യങ്ങളായ തുർക്കി, സിങ്കപ്പൂർ, വിയ്റ്റ്നാം എന്നിവിടങ്ങളിൽ മുപ്പത്
വർഷത്തിലേറെയായി പട്ടം പറത്തൽ മേഖലയിലുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളായ
ഗുജറാത്ത്, രാജസ്ഥാൻ, ഒഡീസ, കർണ്ണാടക, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിൽ
നിന്നുള്ളവരും പട്ടം പറത്തലിന് എത്തിയിരുന്നു. വൺ ഇന്ത്യ കൈറ്റ് ടീമാണ് ഇത്തവണയും
കേരളത്തെ പ്രതിനിധീകരിച്ച് ബേപ്പൂർ കൈറ്റ് ഫെസ്റ്റിവലിന് പട്ടം പറത്തിയത്.