കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാം പനി അഥവാ മീസിൽസ്. മോർബിലി വൈറസ് ജീനുകളിൽ പെടുന്ന റൂബിയോള വൈറസ് ആണ് ഇത് ഉണ്ടാക്കുന്നത്. കുഞ്ഞുങ്ങളിൽ അംഗവൈകല്യം മുതല്‍ മരണം വരേക്ക് കാരണമായേക്കാവുന്ന രോഗമാണ് മീസിൽസ്.
ശാരീരിക സമ്പർക്കം, ചുമ, തുമ്മൽ എന്നിവ രോഗ പകർച്ചയ്ക്ക് കാരണമാകുന്നു. തുമ്മലിലൂടെയും ചുമയിലൂടെയും പുറത്തുവരുന്ന രോഗാണുക്കളുടെ കണികകൾ രോഗ പകർച്ചാശേഷിയോടുകൂടി രണ്ട് മണിക്കൂർ നേരം ചുറ്റുപാടും നിലനിൽക്കും.ഇങ്ങനെയുള്ള വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിച്ചാൽ അവ തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിൽ പെരുകുകയും ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു .രോഗാണു ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
ശരീരം മുഴുവൻ വ്യാപിക്കുന്ന തിണർപ്പുകളാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം. പനി തുടങ്ങി 2,3 ദിവസത്തിനുള്ളിൽ വായ്ക്കകത്ത് മോണയുടെ ഉൾഭാഗത്ത് ചുമന്ന പ്രതലത്തിൽ ചാരനിറത്തിൽ മണൽ തരികൾ പോലെ ഉള്ള കുരുക്കൾ കാണപ്പെടാം.
ഈ ഒരു ലക്ഷണം അഞ്ചാം പനിയിൽ മാത്രമേ കാണപ്പെടാറുള്ളൂ. ഇതിനെ കോപ്ലിക് സ്പോട്ട് എന്നാണ് പറയുന്നത്.തിണർപ്പുകൾ ചെവിയുടെ പുറം ഭാഗത്താണ് ആദ്യ ദിവസങ്ങളിൽ കാണപ്പെടുന്നത് പിന്നീട് തലയിലും മുഖത്തും കൈപ്പത്തിക്കുള്ളിലും ശേഷം ശരീരം മുഴുവൻ വ്യാപിക്കുന്നു. ഈ സമയത്ത് കുട്ടികൾ കൂടുതൽ അസ്വസ്ഥത കാണിക്കാം.ചുവപ്പുനിറത്തിലും ചൊറിയോട് കൂടിയും ആണ് ഈ തിണർപ്പുകൾ കാണപ്പെടുന്നത്.
മറ്റു പ്രാഥമിക ലക്ഷണങ്ങൾ...
പനി, ചുമ, കണ്ണുകളിൽ ചുവപ്പുനിറം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം, പേശി വേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, വായ്ക്കകത്ത് ചാരനിറം ചേർന്ന കുരുക്കൾ, ഛർദ്ദി, വയറിളക്കം എന്നിവയെല്ലാമാണ് പ്രാഥമിക ലക്ഷണങ്ങളായി വരുന്നത്.
ഏഴു മുതൽ 10 ദിവസത്തിനുള്ളിൽ രോഗം പൂർണമായും ഭേദമാകും. മറ്റ് രോഗലക്ഷണങ്ങളും ഇക്കാലയളവിനുള്ളില്‍ അപ്രത്യക്ഷമാവും. എന്നാല്‍ ചുമ രണ്ടോ മൂന്നോ ദിവസത്തേക്ക് നീണ്ടുനില്‍ക്കാം.
അഞ്ചാംപനി ഭീഷണിയാകുന്നത്...
അഞ്ചാംപനി ധാരാളം കുട്ടികളുടെ മരണത്തിന് കാരണമാകാറുണ്ട്. ഇതിന് കാരണം ഈ രോഗം കൊണ്ടുണ്ടാകുന്ന സങ്കീർണതകൾ ആണ്. രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികൾ, പോഷകക്കുറവുള്ള കുട്ടികൾ,അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ, എന്നിവരിലാണ് സങ്കീർണ്ണതകൾ കണ്ടുവരുന്നത്. കത്ത് മീസിൽസ് ബാധ മൂലം മരണത്തിന് കീഴ്പ്പെടുന്ന കുട്ടികളിൽ ഭൂരിഭാഗവും ന്യൂമോണിയയാണ് മരണകാരണമായി വരാറ്.
മീസിൽസ് വൈറസ് ശ്വാസകോശത്തെയാണ് സാരമായി ബാധിക്കുന്നത്. ഇങ്ങനെ വൈറസ് ബാധ ഏറ്റ ശ്വാസകോശത്തിൽ മറ്റ് ബാക്ടീരിയകൾ കാരണം ന്യൂമോണിയ ഉണ്ടാകാം. ഇതിന് സെക്കൻഡറി ബാക്ടീരിയൽ ന്യൂമോണിയ എന്നാണ് പറയുന്നത്. ഇതുകൂടാതെ ഉണ്ടാകുന്ന മറ്റൊരു പ്രയാസമാണ് തലച്ചോറിന് ഉണ്ടാകുന്ന നീർക്കെട്ട് അഥവാ എൻസഫലൈറ്റിസ്. രോഗലക്ഷണങ്ങൾ കുറഞ്ഞതിന് ശേഷം വീണ്ടും തലവേദന, പനി എന്നിവ കാണപ്പെടുന്നതാണ് രോഗം തലച്ചോറിനെ ബാധിക്കുന്നതിന്‍റെ ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1) രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.
2)മറ്റ് സങ്കീർണതകൾ ഇല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഒരാഴ്ച കൊണ്ട് കുറയുന്നതാണ്.
3) കുട്ടികളിൽ രോഗം പെട്ടെന്ന് തന്നെ സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുണ്ട്.
4) രോഗിയുമായുള്ള സമ്പർക്കം കഴിവതും മറ്റുള്ളവര്‍ ഒഴിവാക്കുക.
5) തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ തുണിയോ ഉപയോഗിച്ച് മൂക്കും വായും മറച്ചുപിടിക്കുക.
6) വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.
7) ധാരാളമായി വെള്ളം കുടിക്കുക.
8) നന്നായി വിശ്രമിക്കുക.
ലേഖനം തയ്യാറാക്കിയത് : ഡോ. നസീറ കുഞ്ഞഹമ്മദ്
(ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍ പാണ്ടിക്കാട്, മലപ്പുറം)
Tags:
Healthy Lifestyle