സംസ്ഥാന സ്‌കൂള്‍ കലോത്സവം: ബിഗ് ക്യാന്‍വാസും ശില്പ നിര്‍മ്മാണവും നൂതന പ്രചരണ രീതികളുമായി പബ്ലിസിറ്റി കമ്മിറ്റി



കോഴിക്കോട്: കോഴിക്കോട് വീണ്ടുമെത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം എല്ലാതരത്തിലും വൈവിധ്യമാക്കാനൊരുങ്ങി പ്രചരണകമ്മിറ്റി. ജനുവരി മൂന്ന് മുതല്‍ കോഴിക്കോട് നടക്കുന്ന അറുപത്തിഒന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി വിവിധ പ്രചരണ പരിപാടികള്‍ക്ക് രൂപം കൊടുത്തു. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെ.എം സച്ചിന്‍ദേവ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രചരണ പരിപാടികളുടെ ഭാ?ഗമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുടെ സഹകരണത്തോടെ കലോത്സവ സന്ദേശം ജനങ്ങളിലെത്തിക്കും. കോഴിക്കോട് കടപ്പുറത്ത് വിദ്യാര്‍ത്ഥികളെയും കലാകാരന്മാരെയും അണിനിരത്തി വലിയ മണല്‍ ശില്പം നിര്‍മ്മിക്കും. കോഴിക്കോട്ടെ പൗരാവലിയെയും പരിപാടിയുടെ ഭാഗമാക്കും. വിദ്യാര്‍ത്ഥികളെയും ചിത്രകലാ അധ്യാപകരെയും ചേര്‍ത്ത് നഗരത്തില്‍ 'കൊട്ടും വരയും ' പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു. മാധ്യമങ്ങളുടെ സഹകരണത്തോടെ പുത്തന്‍ പ്രചരണ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.


നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിഗ് ക്യാന്‍വാസ്, ശില്പ നിര്‍മ്മാണം, വിളംബര ജാഥ, ഫ്‌ളാഷ് മോബ്, നഗരാതിര്‍ത്തികളില്‍ നിന്നും തുടങ്ങി കലോത്സവ വേദികളിലേക്കുള്ള പാതകളില്‍ ദൂരം സൂചിപ്പിക്കുന്ന മൈല്‍ സ്റ്റോണുകളും സ്ഥാപിക്കും.' നഗരാതിര്‍ത്തി മുതല്‍ പാതയോരങ്ങള്‍ ദീപാലംകൃതമാക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളുടെ സഹകരണവും തേടും. മറ്റ് വിവിധ പരിപാടികളും മേളയുടെ പ്രചരണാര്‍ത്ഥം നടത്തുന്നതിന് സമിതി യോഗം തീരുമാനിച്ചു. വിപുലമായ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

Post a Comment

Previous Post Next Post