സൂര്യകാന്തിപ്പാടം കാണുന്നതിനായി ഇനി കർണാടകയിലേക്ക് പോവേണ്ടതില്ല: വണ്ടൂരിൽ ഒരുക്കിയത് ഏഴേക്കർ സൂര്യകാന്തിപ്പാടം



പൂക്കോട്ടുംപാടം∙ കർണാടകയിൽ കൃഷി ചെയ്ത അനുഭവസമ്പത്തിൽ ജില്ലയിൽ സൂര്യകാന്തിപ്പാടം ഒരുക്കിയതിന്റെ സന്തോഷത്തിലാണ് വണ്ടൂർ ചാത്തങ്ങോട്ടുപുറം വെള്ളയൂർമഠത്തിൽ മൂസ. അമരമ്പലം വേങ്ങാപ്പരതയിൽ മൂസ പാട്ടത്തിനെടുത്ത 7 ഏക്കറിലാണ് സൂര്യകാന്തിച്ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്നത്.
ഗുണ്ടൽപേട്ടയിൽ മുൻപ് വിജയകരമായി സൂര്യകാന്തി കൃഷി ചെയ്തിരുന്നു. ഇപ്പോൾ അവിടെ വാഴക്കൃഷിയുണ്ട്. വാഴക്കൃഷിക്കു വേണ്ടിയാണ് വേങ്ങാപ്പരതയിൽ 14 ഏക്കർ ഭൂമി പാട്ടത്തിനെടുത്തത്. എന്നാൽ വാഴയ്ക്കു യോജിച്ച കാലാവസ്ഥയല്ലെന്നു കണ്ട് പരീക്ഷണാടിസ്ഥാനത്തിൽ സൂര്യകാന്തി കൃഷി ചെയ്യാൻ തീരുമാനിച്ചു. കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ചു. 

കർണാടകയിൽ സീസണല്ലാത്തതിനാൽ തമിഴ്നാട് തേനിയിൽ നിന്നാണ് വിത്ത് കൊണ്ടുവന്നത്. 7 ഏക്കറിൽ സൂര്യകാന്തിയും ശേഷിച്ച സ്ഥലത്ത് പച്ചക്കറിയും കൃഷി ചെയ്തു. 3 മാസം കൊണ്ട് സൂര്യകാന്തികൾ പൂവിട്ടു. എങ്കിലും പരീക്ഷണം പൂർണമായി വിജയിച്ചെന്നു പറയാറായിട്ടില്ലെന്ന് മൂസ പറയുന്നു. ഗുണ്ടൽപ്പേട്ടയിലെ പൂവിന്റെ പകുതി വലുപ്പമേയുള്ളു. അവിടെ ഒരു പൂവിൽ നിന്ന് ശരാശരി 400 - 500 ഗ്രാം കുരു കിട്ടും. ഇവിടെ ശരാശരി 250 ഗ്രാം ആണു പ്രതീക്ഷ.


കുരു ആട്ടിയെടുക്കുമ്പോൾ മെച്ചപ്പെട്ട അളവിൽ എണ്ണ ലഭിച്ചാൽ നഷ്ടം ഉണ്ടാകില്ലെന്ന് മൂസ പറഞ്ഞു. കർണാടകയെക്കാൾ മൂന്നിരട്ടി കൃഷിച്ചെലവു വന്നതും പ്രതികൂല ഘടകമാണ്. വന്യമൃഗ ശല്യം തടയാൻ കാവലും വേണ്ടിവന്നു. വിളവെടുപ്പിനു ശേഷം അടുത്ത മാസം വാഴക്കൃഷി ചെയ്യും. പച്ചക്കറിയിൽ നല്ല വിളവാണു ലഭിച്ചത്. മൂസയുടെ സൂര്യകാന്തിപ്പാടം കാണാൻ വേങ്ങാപ്പരതയിലേക്ക് നാനാഭാഗങ്ങളിൽനിന്ന് ആളുകളെത്തുന്നുണ്ട്.

Post a Comment

Previous Post Next Post