ബേപ്പൂർ ജലോത്സവം സമാപിച്ചു



ബേപ്പൂർ : ബേപ്പൂരിൽ നടന്ന അന്താരാഷ്ട്ര ജലോത്സവത്തിന്റെ രണ്ടാംസീസൺ സമാപിച്ചു. ആഴക്കടലിലും തീരത്തും ആകാശത്തും വിസ്മയംതീർത്ത ജലസാഹസിക വിനോദമേളയ്ക്ക് വൻ ജനപങ്കാളിത്തമായിരുന്നു.‌ ടൂറിസംവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് ജലോത്സവം നടത്തിയത്.
ജലകായികമേള, ജലഘോഷയാത്ര, സാഹസികമത്സരങ്ങൾ, കലാസന്ധ്യ, ഭക്ഷ്യമേള, മാർക്കറ്റ്‌ തുടങ്ങിയവയൊക്കെ ഒരുക്കിയിരുന്നു. സിറ്റ് ഓൺ ടോപ്പ് കയാക്കിങ്, വൈറ്റ് വാട്ടർ കയാക്കിങ്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയ സാഹസികയിനങ്ങൾക്ക് പുറമെ തദ്ദേശവാസികൾക്കായി നാടൻതോണികളുടെ തുഴച്ചിൽമത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും നടത്തി. മുൻനിര ഗായകരും നർത്തകരും മേളയുടെ രാത്രികളെ ആവേശംകൊള്ളിച്ചു.

ബുധനാഴ്ച വൈകീട്ട്‌ ബേപ്പൂർ പുഴയിൽ നടന്ന ബോട്ടുകളുടെ ദീപാലംകൃതമായ ഘോഷയാത്ര കാണാൻ വലിയതിരക്കായിരുന്നു. കോസ്റ്റ്‌ഗാർഡ്‌ ഹെലികോപ്‌റ്ററിന്റെ അഭ്യാസപ്രകടനങ്ങളും നടന്നു. തൈക്കുടം ബ്രിഡ്‍ജ് അവതരിപ്പിച്ച സംഗീതനിശയോടെയാണ് പരിപാടി അവസാനിച്ചത്. ജനത്തിരക്കും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ സമാപനചടങ്ങുകൾ ഒഴിവാക്കി.

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ജനം

ജലോത്സവം കാണാൻ ബേപ്പൂരിലെത്തിയവർ ഹാർബർ റോഡ്‌ ജങ്‌ഷനിൽ ഒരുമണിക്കൂറിലേറെ കുടുങ്ങി. ബേപ്പൂരിലേക്ക്‌ വരുകയായിരുന്ന ബസിന്റെ എൻജിൻ നിലച്ചതും ജനത്തിരക്കും കാരണമാണ് ഗതാഗതക്കുരുക്കുണ്ടായത്‌. പരിക്കുപറ്റിയവരെയും മോഹാലസ്യപ്പെട്ടുവീണവരെയും ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനുപോലും എത്താനാവാതെവന്നതോടെ ചുമന്നാണ് മറ്റ് വാഹനങ്ങളിലേക്ക് കൊണ്ടുപോയത്.


പഴുതടച്ച് സുരക്ഷ

ഫെസ്റ്റ് ദിനങ്ങളിൽ 460 പോലീസുകാരുടെയും അനുബന്ധവിഭാഗങ്ങളുടെയും സേവനമാണ് ബേപ്പൂരിലുണ്ടായിരുന്നത്. ഇതിനുപുറമെ തിരിച്ചറിയൽരേഖയോടുകൂടിയ 180 സന്നദ്ധസേവകരും രംഗത്തിറങ്ങി. മേൽനോട്ടത്തിനായി ഫറോക്ക്, ട്രാഫിക് അസി. കമ്മിഷണർമാർ, ആറ് ഇൻസ്പെക്ടർമാർ, 25 സബ് ഇൻസ്പെക്ടർമാർ എന്നിവരുമുണ്ടായിരുന്നു. ഫെസ്റ്റ് മുഖ്യവേദിയായ ബേപ്പൂർ മറീനയുടെയും രണ്ടാമത്തെകേന്ദ്രമായ ചാലിയം പുലിമുട്ട് തീരത്തിന്റെയും അഞ്ചുകിലോമീറ്ററിലേറെ നീളുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കി 45 വയർലസ് പോയന്റുകൾ ഒരുക്കി. 30 കേന്ദ്രങ്ങളിൽ സി.സി.ക്യാമറകളും സജ്ജമാക്കി. ബോംബ്, ഡോഗ് സ്‌ക്വാഡുകൾ, മെറ്റൽഡിറ്റക്ടർ പരിശോധനാസംവിധാനം എന്നിവയ്ക്കൊപ്പം മഫ്തിപോലീസും വനിതാവിഭാഗവും പട്രോളിങ് നടത്തി. കടലിലും ചാലിയാറിലും സുരക്ഷയ്ക്കായി കോസ്റ്റൽപോലീസും ഫയർഫോഴ്സും ചേർന്നുനിന്നു.

Post a Comment

Previous Post Next Post