ബേപ്പൂർ : ബേപ്പൂർ അന്താരാഷ്ട്ര ജലോത്സവം ശനിയാഴ്ച തുടങ്ങും. വൈകീട്ട് ആറരയ്ക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബേപ്പൂർ മറീനയിൽ ഉദ്‌ഘാടനംചെയ്യും. വൈകീട്ട് നാലുമുതൽ ആറുവരെ ബേപ്പൂർ ടൗണിൽ ഘോഷയാത്ര നടക്കും. രാവിലെ ഏഴുമുതൽ ഒമ്പതുവരെ സൈക്കിൾ റൈഡും രാവിലെ 10 മുതൽ രാത്രി 10 വരെ പുലിമുട്ട് റോഡിലെ പാരിസൺ വളപ്പിൽ ഭക്ഷ്യമേളയും നടക്കും. ടൂറിസം കാർണിവൽ ചാലിയം കരയിലാണ് ഒരുക്കിയിരിക്കുന്നത്.
സാഹസിക കായികവിനോദങ്ങൾക്കുപുറമേ കലാസന്ധ്യയുടെകൂടി വേദിയാവും. പ്രശസ്ത പിന്നണിഗായകരും മ്യൂസിക് ബ്രാൻഡും ട്രൂപ്പുകളും പരിപാടിയുടെ ഭാഗമായെത്തും. ശനിയാഴ്ച വൈകീട്ട് 7.30മുതൽ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന മലബാറിക്കസ് മ്യൂസിക് ബാൻഡ് അരങ്ങേറും. ഞായറാഴ്ച വിധുപ്രതാപും സംഘവും സംഗീതപരിപാടി അവതരിപ്പിക്കും. പാഗ്ലി ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടി ചാലിയത്തും അരങ്ങേറും. 27-ന് ശിവമണിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക് ഷോ വൈകീട്ട് ഏഴുമുതൽ ബേപ്പൂരിലും കാവാലം ശ്രീകുമാർ, പ്രകാശ് ഉള്ളിയേരി, സൗരവ് കൃഷ്ണ, ഗുൽ സക്‌സേന എന്നിവരുടെ കലാപ്രകടനങ്ങൾ ചാലിയത്തെ സ്റ്റേജിലും അരങ്ങേറും. ഫെസ്റ്റിന്റെ സമാപനദിവസമായ 28-ന് വൈകിട്ട് ഏഴുമുതൽ തൈക്കൂടം ബാൻഡിന്റെ സംഗീതപരിപാടിയാണ്.
മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരുമായി കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ ഉൾക്കടൽയാത്ര, ബേപ്പൂർ മറീനയ്ക്ക് മുകളിലൂടെ പറക്കൽ, ബേപ്പൂരും ചാലിയത്തുമായി അരങ്ങേറുന്ന പാരാമോട്ടോറിങ്, ബേപ്പൂർ ബീച്ചിൽ നാവികസംഘം അവതരിപ്പിക്കുന്ന പരിപാടി.
Tags:
beypore fest