ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഫയൽ ചിത്രം


ബേപ്പൂർ:ഡിസംബർ 24 മുതൽ 28 വരെ ജില്ലയിൽ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായി.  ഫെസ്റ്റിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ കർട്ടൻ റെയ്സർ പരിപാടി നാളെ (ഡിസംബർ 20 ) ഫറോക്കിൽ അരങ്ങേറും. ഗൗരി ലക്ഷ്മി നയിക്കുന്ന ലൈവ് മ്യൂസിക് ഷോ നല്ലൂർ ഇ കെ നായനാർ സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരം 7 മണിക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്  ഉദ്ഘാടനം ചെയ്യും. 
ഡിസംബർ 24 ന് വാട്ടർ ഫെസ്റ്റിന്റെ  ഉദ്ഘാടനം ബേപ്പൂർ ബീച്ചിൽ വർണ്ണാഭമായി നടക്കും. അന്നേദിവസം ടൂറിസം കാർണിവലിന് ചാലിയത്ത് തുടക്കമാകും. സൈക്കിൾ റാലിയും, ഫ്ലൈ ബോർഡ്  ഡെമോയും പാരാ മോട്ടറിംഗും തുടർന്ന്  ആഘോഷപൂർവ്വമായ ഘോഷയാത്രയും നടക്കും. വൈകുന്നേരം 7: 30ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത പിന്നണി ഗായിക സിത്താരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം 'മലബാറിക്കസ്' അരങ്ങേറും. 
തുടർന്നുള്ള ദിവസങ്ങളിൽ വിധുപ്രതാപ്, നവ്യാനായർ, വിനോദ് ശേഷാദ്രി  തുടങ്ങി കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ നേതൃത്വത്തിൽ നൃത്ത- സംഗീത വിരുന്ന് ഉൾപ്പെടെയുള്ള പരിപാടികൾ അരങ്ങേറും. മലബാറിന്റെ രുചിഭേദങ്ങൾ വിളിച്ചോതുന്ന ഫുഡ് ഫെസ്റ്റ്   മറ്റൊരു മുഖ്യ ആകർഷണമായിരിക്കും. 


പട്ടം പറത്തലിന് ദേശീയ, അന്തർദേശീയ തലത്തിലുള്ള താരങ്ങൾ ബേപ്പൂരിൽ എത്തും. സെയിലിംഗ്, കയാക്കിങ്, പട്ടം പറത്തൽ, സർഫിംഗ് ഡെമോ, ഡിങ്കി ബോട്ട്  റെയ്‌സ്, വലവീശൽ, സീ കയാക്കിങ്, പട്ടം പറത്തൽ വർക്ക്ഷോപ്പ്, ബാംബൂ റാഫ്റ്റിംഗ്, ഫൈബർ വള്ളം തുഴയൽ, ചെറുവള്ളങ്ങളുടെ മത്സരങ്ങൾ, തദ്ദേശീയരെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പ്രാദേശിക തലത്തിലുള്ള മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ ജല കായികമേളകൾ ബേപ്പൂരിൽ അരങ്ങേറുന്നതാണ്.

Post a Comment

Previous Post Next Post