വാതില്‍ തുറന്നിട്ട് സര്‍വീസ്; സ്വകാര്യബസുകള്‍ക്കെതിരെ നടപടി



കോഴിക്കോട്: കോഴിക്കോട്ട് വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കെതിരെ നടപടിയുമായി പൊലീസ്. നിയമലംഘനം നടത്തിയവരില്‍നിന്ന് പിഴ ഈടാക്കാനും ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും തീരുമാനം. ഓട്ടോമാറ്റിക് വാതിലുകള്‍ തുറന്നിട്ട് സ്വകാര്യബസുകള്‍ നടത്തുന്ന മരണപ്പാച്ചിലിനെക്കുറിച്ചുള്ള പരാതിക്കൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെടല്‍.
സമയലാഭത്തിനായി ഓട്ടോമാറ്റിക് വാതിലുകളില്‍ അനധികൃത സ്വിച്ച് ഘടിപ്പിച്ചും വാതിലുകള്‍ തുറന്നിട്ടും സര്‍വീസ് നടത്തുന്ന ബസുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യബസുകളില്‍ ഒരാഴ്ചത്തെ പരിശോധനയ്ക്ക് ഡി.സി പി ഉത്തരവിട്ടത്. ഇതിന്റ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആദ്യദിവസം 31 ബസുകള്‍ക്ക് പിടിവീണത്. വെസ്റ്റ് ഹില്‍, മെഡിക്കല്‍ കോളേജ് റൂട്ടുകളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളിലാണ് ഏറെയും നിയമലംഘനം കണ്ടത്

പത്ത് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു നഗരത്തില്‍ പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരും. രണ്ടാഴ്ച മുമ്പ് നരിക്കുനിയില്‍ ബസില്‍ തെറിച്ചുവീണ് വീട്ടമ്മ മരിച്ചതോടെയാണ് സ്വകാര്യബസുകളുടെ നിയമലംഘനം വീണ്ടും ചര്‍ച്ചയായത്.

Post a Comment

Previous Post Next Post