നടൻ കൊച്ചു പ്രേമൻ അന്തരിച്ചു



കൊച്ചി: നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ 'ഏഴു നിറങ്ങള്‍' ആണ്.
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചു പ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. സ്കൂൾ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്സിൻ്റെ അനാമിക എന്ന നാടകത്തിലും തുടർന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികൾക്ക് വേണ്ടിയും പ്രവർത്തിച്ചു.


ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമൻ്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്സിൻ്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാൾ, ഇന്ദുലേഖ, രാജൻ.പി.ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ. നാടക സമിതിയിൽ സജീവമായ കാലത്ത് അദ്ദേഹത്തിൻ്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചുപ്രേമൻ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. കൊച്ചു പ്രേമൻ എഴുതി സംവിധാനം ചെയ്ത നാടകം കണ്ട പ്രശസ്ത സംവിധായകൻ ജെ.സി.കുറ്റിക്കാടാണ് നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം നൽകിയത്.

1979-ൽ റിലീസായ ഏഴു നിറങ്ങൾ എന്ന സിനിമയാണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. പിന്നീട് 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിച്ച കൊച്ചുപ്രേമൻ രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇതിനിടയിലാണ് സംവിധായകൻ സത്യൻ അന്തിക്കാട് കൊച്ചുപ്രേമൻ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടർന്ന് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.


സിനിമ നടൻ എന്ന ലേബൽ തന്ന ചിത്രമാണ് 1997-ൽ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്നാണ് കൊച്ചുപ്രേമൻ്റെ അഭിപ്രായം. കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ൽ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമൻ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ൽ റിലീസായ ലീല എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമർശനങ്ങൾക്കിടയാക്കി. പക്ഷേ ആ വിമർശനങ്ങളെ കൊച്ചുപ്രേമൻ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകർ നൽകിയ അംഗീകാരമായിട്ടാണ്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളിൽ വേഷമിട്ട കൊച്ചുപ്രേമൻ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.

Post a Comment

Previous Post Next Post