കെ.എസ്.ആർ.ടി.സി. ടെർമിനൽ ബലപ്പെടുത്തൽ: തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ



കോഴിക്കോട് : മാവൂർ റോഡ് കെ.എസ്.ആർ.ടി.സി. ടെർമിനൽ ബലപ്പെടുത്തുന്നതിനായി മദ്രാസ് ഐ.ഐ.ടി. സമർപ്പിച്ച റിപ്പോർട്ടിൽ അടുത്തയാഴ്ച തീരുമാനമെടുക്കും. 18 തൂണുകൾ ബലപ്പെടുത്തേണ്ടിവരുമെന്നാണ് കരുതുന്നത്. സാങ്കേതികവശങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ഐ.ഐ.ടി. പ്രതിനിധികളുമായി അടുത്തയാഴ്ച അധികൃതർ കൂടിക്കാഴ്ച നടത്തും.
എന്തൊക്കെ മാറ്റങ്ങൾ ഏതൊക്കെരീതിയിൽ നടപ്പാക്കണമെന്നതിനെക്കുറിച്ച് അതിന് ശേഷമേ തീരുമാനിക്കൂ.

ടെർമിനലിന് 25 ശതമാനത്തോളം ബലക്ഷയമുണ്ടെന്ന് നേരത്തെ ഐ.ഐ.ടി. റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന കാര്യങ്ങളാണ് പുതിയ റിപ്പോർട്ടിലുമുള്ളത്. ഓരോ തൂണിലെയും വിള്ളലുകൾ അടയ്ക്കണം. സിമന്റും നിശ്ചിതമിശ്രിതങ്ങളുംചേർത്ത് തൂണിനുള്ളിലേക്ക് നിറയ്ക്കേണ്ടിവരും. മുമ്പ് കണക്കാക്കിയ 15-20 കോടി തുക ഇതിനുവേണ്ടി വരുമെന്നാണ് കരുതുന്നത്. കെട്ടിടത്തിന്റെ മൊത്തം നിർമാണച്ചെലവ് 74.63 കോടിയായിരുന്നു.

കെട്ടിടത്തിന്റെ അരികിലുള്ള ഭാഗത്തിന് ബലമില്ലാത്തത് തൂണുകളെ ബാധിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. തൂണുകളുടെ കോൺക്രീറ്റും കമ്പികളുടെ ഉറപ്പുമെല്ലാം പരിശോധിച്ചിട്ടുണ്ട്. ടെർമിനലിന്റെ പൈലിങ്ങിന്റെ ബലവും പഠനവിധേയമാക്കി. 18 മുതൽ 20 മീറ്റർവരെ താഴ്ച പൈലിങ്ങിനുണ്ട്. ബലപ്പെടുത്തുമ്പോൾ പൈലിങ്ങിന് അത് താങ്ങാൻ ശേഷിയുണ്ടോയെന്നുള്ള കാര്യമാണ് പരിശോധിച്ചത്.


അടുത്തയാഴ്ച നടക്കുന്ന ചർച്ചയിൽ സാങ്കേതികവശങ്ങൾകൂടി കണക്കിലെടുത്ത് കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ തുടർനടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്. പുതിയ റിപ്പോർട്ട് അന്തിമമായി അംഗീകരിച്ചാൽ ടെൻഡർ വിളിച്ച് ബലപ്പെടുത്തലിലേക്ക് കടക്കും. മദ്രാസ് ഐ.ഐ.ടി. എംപാനൽചെയ്ത കമ്പനിയെയായിരിക്കും ഇതിനായി ചുമതലപ്പെടുത്തുക.

ഓഗസ്റ്റിൽ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചത്.10 നിലയുള്ള കെട്ടിടം ബലപ്പെടുത്താൻ 30 കോടിയോളം ചെലവാകുമെന്നും ആറുമാസം വേണ്ടിവരുമെന്നുമായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. എന്നാൽ, സർക്കാർ നിയോഗിച്ച സമിതി പറഞ്ഞത് ഗൗരവതരമായ ബലക്ഷയമില്ലെന്നായിരുന്നു. തൂണുകൾ ബലപ്പെടുത്തേണ്ടിവരുംഐ.ഐ.ടി. റിപ്പോർട്ടിൽ ചർച്ച നടത്തും

Post a Comment

Previous Post Next Post