താമരശ്ശേരി : അടുത്തടുത്ത മൂന്ന് ദിവസങ്ങളിലായി മൂന്ന് വാഹനാപകടങ്ങൾ, പൊലിഞ്ഞത് കാൽനടയാത്രക്കാരായ രണ്ട് യുവാക്കളുടെയും സ്കൂട്ടർയാത്രക്കാരിയായ ബാലികയുമുൾപ്പെടെ മൂന്നുപേരുടെ ജീവൻ. ഒരാൾക്ക് സംഭവസ്ഥലത്തും മറ്റ് രണ്ടുപേർക്ക് ചികിത്സയിൽ കഴിയവെയും ജീവഹാനി. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെസ്റ്റ് പുതുപ്പാടി, ഒടുങ്ങാക്കാട് ഭാഗത്ത് നൂറുമീറ്ററോളംമാത്രം പരിധിയിൽവരുന്ന മേഖലയിലാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഒന്നിനുപിറകെ ഒന്നായി നടന്നത്. ഒരേമേഖലയിൽ അടുത്തടുത്തദിനങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ മൂന്നുപേരുടെ വിയോഗം സംഭവിച്ചതിന്റെ നടുക്കത്തിലാണ് നാട്.
Read also: ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യപിച്ച് വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ്, വാഹനം മാറ്റാനായിട്ടില്ല
ഈ മാസം ആറിന് പുലർച്ചെ വെസ്റ്റ് പുതുപ്പാടിയിലായിരുന്നു ദുരന്തപരമ്പരയ്ക്ക് തുടക്കം. അന്ന് പുലർച്ചെ നാലേമുക്കാലോടെയാണ് ജോലിസ്ഥലത്തേക്ക് ദേശീയപാതയോരത്തുകൂടി നടന്നുപോകവെ ഈങ്ങാപ്പുഴയിലെ ചായക്കടയിൽ പാചകത്തൊഴിലാളിയായ വെസ്റ്റ് പുതുപ്പാടി നടുക്കുന്നുമ്മൽ രാജു(50)വിന്റെ ദാരുണാന്ത്യത്തിന് നിമിത്തമായ വാഹനാപകടം. അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് അതിവേഗം വരുകയായിരുന്ന കാർ രാജുവിനെ പിറകിൽനിന്ന് ഇടിച്ചുതെറിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിച്ചകാർ നിർത്താതെപോയതിനാലും അപകടസ്ഥലത്തെ വെളിച്ചക്കുറവുകാരണവും ഒരുമണിക്കൂറിനുശേഷമായിരുന്നു രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തൊട്ടടുത്തദിവസം രാത്രി എട്ടുമണിയോടെയായിരുന്നു വെസ്റ്റ് പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം ബൈക്കിടിച്ച് തെങ്ങുകയറ്റത്തൊഴിലാളിയായ വെസ്റ്റ് പുതുപ്പാടി പള്ളിക്കുന്നുമ്മൽ ബൈജു(45)വിന് ഗുരുതരമായി പരിക്കേറ്റത്. വാഹനമിടിച്ച് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ ബൈജു കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മരിച്ചത്.
രാജുവിന്റെയും ബൈജുവിന്റെയും വിയോഗത്തിന്റെ ഞെട്ടൽ മാറുംമുമ്പെയായിരുന്നു ഇരുവരുടെയും ജീവഹാനിക്കിടയാക്കിയ വാഹനാപകടങ്ങൾ നടന്ന പ്രദേശത്തിന് ഏതാനും മീറ്ററുകൾ മാത്രം അടുത്തായി കാർ സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്.
എട്ടിന് വൈകീട്ട് അഞ്ചേമുക്കാലോടെയായിരുന്നു മേലെപയോണ ചിറ്റക്കാട്ട്കുഴിമീത്തൽ ഷമീർ (36), മകൾ സി.എം. ഫാത്തിമ ഷഹ്മ (8) എന്നിവർ സഞ്ചരിച്ച സ്കൂട്ടർ, അതേദിശയിൽ അതിവേഗമെത്തിയ കാർ പിറകിൽനിന്ന് ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഫാത്തിമ ഷഹ്മ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു മരണത്തിന് കീഴടങ്ങിയത്. പിതാവ് ഷമീർ ഇപ്പോഴും ചികിത്സയിലാണ്.
മൂന്നുസംഭവങ്ങളിലും വാഹനങ്ങളുടെ മരണപ്പാച്ചിലാണ് ആളപായങ്ങൾക്ക് വഴിവെച്ചത്.