വടകര : ഒരേനമ്പറിൽ രണ്ട് എൻഫീൽഡ് ബുള്ളറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ മോട്ടോർവാഹനവകുപ്പ് അന്വേഷണം തുടങ്ങി. വടകര മേമുണ്ട സ്വദേശിയുടെ പേരിലും പാനൂർ സ്വദേശിയുടെ പേരിലുമാണ് കെ.എൽ. 04 എ 4442 എന്ന നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഉള്ളത്.
1993-ൽ ആലപ്പുഴയിലാണ് ഈ നമ്പറിൽ ബൈക്ക് രജിസ്റ്റർചെയ്തത്. ഇതിനുശേഷം പലഘട്ടങ്ങളിലായി പലയാളുകളുടെപേരിൽ ഉടമസ്ഥാവകാശം മാറിയിട്ടുണ്ട്. ഇരുവാഹനങ്ങൾക്കും ഒറിജിനൽ ആർ.സി.യും ഉണ്ട്. മേമുണ്ട സ്വദേശിയുടെ പേരിലുള്ള ബുള്ളറ്റ് കൈമാറ്റംചെയ്തെങ്കിലും ഉടമസ്ഥാവകാശം മാറിയിട്ടില്ല. വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോൾ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്കിന് 2022 ജനുവരിയിൽ വടകര ആർ.ടി.ഒ. 2026 വരെ കാലാവധി പുതുക്കിനൽകിയിട്ടുണ്ട്.
പാനൂർ സ്വദേശിയുടെ ബുള്ളറ്റ് ഒന്നരമാസംമുമ്പ് കാലാവധി നീട്ടിക്കിട്ടാനായി രേഖകൾ ഹാജരാക്കിയപ്പോഴാണ് ഇതേനമ്പറിൽ വടകര ആർ.ടി. ഓഫീസിൽ ബുള്ളറ്റ് രജിസ്റ്റർചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് മോട്ടോർവാഹനവകുപ്പ് ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിലെത്തിച്ചു. ചേസിസ് നമ്പർ ഹാൻഡ് മെയ്ഡ് പഞ്ചിങ് ആയതിനാൽ പെൻസിൽ സ്കെച്ച് എടുത്ത് പരിശോധന നടത്തിയും കൂടുതൽ അന്വേഷണം നടത്തിയാലുംമാത്രമേ ഒറിജിനലും വ്യാജനും കണ്ടെത്താൻ കഴിയുകയുള്ളൂവെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. കേസ് പോലീസിന് കൈമാറുമെന്ന് വടകര ആർ.ടി.ഒ. ഇൻചാർജ് കെ. ബിജുമോൻ പറഞ്ഞു.
Tags:
Crime