കോഴിക്കോട്: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. കുട്ടികൾ സർഗവാസനകൾ അവതരിപ്പിക്കട്ടെ, അത് കണ്ട് സന്തോഷിക്കാൻ നമുക്കും രക്ഷിതാക്കൾക്കും കഴിയണം. അന്യം നിന്ന് പോകുന്ന കലകളുടെ വീണ്ടെടുപ്പ് കൂടിയാണ് കലോത്സവ വേദികളെന്ന് അദ്ദേഹം പറഞ്ഞു.
മഹാമാരിക്ക് ശേഷമുള്ള നമ്മുടെ മടങ്ങി വരവിന്റെ അടയാളപ്പെടുത്തൽ ആണ് ഇത്. കൊവിഡ് ഭീതി പൂർണമായി ഒഴിഞ്ഞെന്ന് കരുതാൻ ആകില്ല. മുൻകരുതൽ സ്വീകരിക്കണം എന്നത് വീണ്ടും ഓർമിപ്പിക്കുന്നു. കൊവിഡ് സ്കൂൾ കലോത്സവങ്ങളെ ബാധിച്ചിരുന്നു. കുട്ടികളെ ബാധിക്കുന്ന സാമൂഹിക വിപത്തുകൾ ഉണ്ട്. അതിനെതിരെ സർക്കാർ ഏറ്റെടുത്തിരിക്കുന്നത് വലിയ ക്യാമ്പയിനാണ്. ജാതിക്കും മതത്തിനും അതീതമാണ് കല. എല്ലാ നന്മകളും അങ്ങനെ ആണ്.ഒരു വേർതിരിവും ഉണ്ടാകരുതെന്നും സ്നേഹത്തിന്റെ അന്തരീക്ഷം കലുഷമാവില്ല എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 24 വേദികളിലായി 14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട് നിന്നെത്തിച്ച കലാ കിരീടം ഇന്നലെ ജില്ലാഅതിർത്തിയിൽ നിന്ന് ഏറ്റുവാങ്ങി വർണാഭമായ ഘോഷയാത്രയോട്കൂടി കലോത്സവ നഗരിയിലെത്തിച്ചിരുന്നു. കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വേദിയിലേക്ക് വഴികാട്ടാൻ കേരള പോലീസിന്റെ QR കോഡ് സംവിധാനം
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് നിന്നും ജില്ലയിൽ എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് മത്സരങ്ങൾ നടക്കുന്ന വേദിയിലേക്ക് വളരെ എളുപ്പത്തിൽ വഴി തെറ്റാതെ എത്തിച്ചേരാൻ വേണ്ടി കോഴിക്കോട് സിറ്റി സൈബർ സെല്ലും (IT cell), സിറ്റി ട്രാഫിക് പോലീസും നിർമിച്ച QR code സംവിധാനം നിലവിൽ വന്നു. നമ്മുടെ രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്കൂൾ കലോത്സവത്തിന് വഴി കാണിക്കാൻ പോലീസിൻ്റെ QR code സംവിധാനം നിലവിൽ വരുന്നത്.
പ്രസ്തുത QR code നിങ്ങളുടെ സ്മാർട് ഫോണിൽ സ്കാൻ ചെയ്യുമ്പോൾ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്പർ അടിസ്ഥാനത്തിൽ സ്കൂളിൻ്റെ പേരോട് കൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിംഗ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് ഫോണിൽ ദൃശ്യമാകും. നിങ്ങൾക്ക് പോവേണ്ട വേദി ഏത് നമ്പർ / സ്കൂൾ ഏതാണോ ആ പേരിനു നേരെ ടച്ച്/ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു മാപ് വിൻഡോ ഫോണിൽ ഓപ്പൺ ആവുകയും അതിൽ നമ്മുടെ വേദി എവിടെയാണ് എന്ന് കാണിച്ചു തരികയും ചെയ്യുന്നു. ലൈവ് മാപ് ആയതുകൊണ്ട് നമ്മൾ നിൽകുന്ന സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് വേദി ഉള്ളത് എന്നും നമുക്ക് ഏത് വഴി ട്രാഫിക് തടസ്സമില്ലാതെ വളരെ എളുപ്പത്തിൽ വേദിയിലേക്ക് എത്താനുള്ള വഴി കാണിച്ചു തരികയും ചെയ്യുന്നു.
കോഴിക്കോട് സിറ്റി പോലീസിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ Kozhikode city police, Kozhikode city traffic police. എന്നീ ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക് പേജുകളിലും, ബസ്സ് സ്റ്റാൻഡ്, പോലീസ് വാഹനങ്ങൾ, സിറ്റിയിൽ സർവീസ് നടത്തുന്ന ഓട്ടോ, ടാക്സികൾ , എന്നിവയിലും കൂടാതെ മത്സരങ്ങൾ നടക്കുന്ന എല്ലാ വേദികൾക്ക് സമീപവും ഈ QR code പ്രദർശിപ്പിക്കുന്നതാണ്.
Highlights: cm Inaugurates Kerala School Kalolsavam
Tags:
Kalolsavam