സ്‌കൂള്‍ കലോത്സവം; നാലാം ദിനവും മത്സരം കാണാനെത്തിയത് പതിനായിരങ്ങള്‍



കോഴിക്കോട്: കോഴിക്കോട്ടുകാര്‍ക്ക് കലയും കലാകാരന്മാരും ജീവിതത്തിന്റെ ഭാഗമാണ്. ഇതിന്റെ തെളിവാണ് ജില്ലയില്‍ നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിലെ ജനപങ്കാളിത്തം. പതിനായിരങ്ങളാണ് മത്സരം കാണാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വേദികളില്‍ എത്തുന്നത്.
കലോത്സവത്തിന്റെ നാലാം ദിനം മുഴുവന്‍ വേദികളും കാലുകുത്താന്‍ ഇടമില്ലാത്ത രീതിയില്‍ നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടാം വേദിയായ സമൂതിരി സ്‌കൂളിലെ ‘ഭൂമി’യില്‍ നാടകം കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ തന്മയത്വത്തോടെ ഓരോ നാടകങ്ങളും കാണികള്‍ക്ക് മുന്നിലെത്തിച്ചു. സമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഇരിപ്പിടങ്ങള്‍ നിറഞ്ഞ് കവിഞ്ഞു. വേദിക്ക് പുറത്തേക്കും നിറഞ്ഞ് കവിഞ്ഞ ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ മിടുക്കികള്‍ സംഘനൃത്തവും തിരുവാതിര കളിയും ചുവട് തെറ്റാതെ അവതരിപ്പിച്ചു. നിറഞ്ഞ കൈയ്യടികളാണ് ഓരോ ടീമിനും മത്സര ശേഷം വേദിയില്‍ നിന്ന് ലഭിച്ചത്.


നാളെ (ജനുവരി ഏഴ് ) കലോത്സവത്തിന് സമാപനമാവും. അഞ്ചു നാള്‍ നീണ്ട കലയുടെ മാമാങ്കം കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മനസ്സില്‍ മികച്ച കലോത്സവങ്ങളിലൊന്നായി നിലനില്‍ക്കും.

Post a Comment

Previous Post Next Post