സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കോഴിക്കോടന്‍ റെക്കോര്‍ഡുകള്‍



കോഴിക്കോട്: കേരള സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയെ ഒഴിവാക്കി ഒരു ചരിത്രമില്ല. എട്ട് തവണ വീതമാണ് കോഴിക്കോടും തൃശ്ശൂരും കലോത്സവത്തിനായി വേദിയൊരുക്കിയിട്ടുള്ളത്. വേദിയൊരുക്കുക മാത്രമല്ല, സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുന്നതിലും കോഴിക്കോടിന് ഒരു പ്രത്യേക വിരുതുണ്ടെന്ന് വേണം കരുതാന്‍, കാരണം 61 - മത് സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണക്കപ്പുയര്‍ത്തിയത് കോഴിക്കോടാണ്. ഒന്നും രണ്ടുമല്ല പത്തൊമ്പത് തവണയാണ് കോഴിക്കോട് ഓവറോള്‍ കിരീടം ചൂടിയത്. ഏറ്റവും കുടുതല്‍ തവണ സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുക മാത്രമല്ല, സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുന്നതില്‍ ഏറ്റവും കൂടുതല്‍ തവണ ഹാട്രിക്ക് അടിച്ചതും കോഴിക്കോട് തന്നെ. 1991 - 1993 ലാണ് കോഴിക്കോട് ഏറ്റവും ആദ്യം ഹാട്രിക്ക് സ്വന്തമാക്കിയത്. പിന്നീടങ്ങോട്ട് പലതവണ ഈ ഹാട്രിക്ക് നേട്ടം കോഴിക്കോട് ആഘോഷിച്ചു. 
അത് പോലെ തന്നെ 1960 ല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയൊരുക്കിയ കോഴിക്കോട് പിന്നീട് 1976, 1987, 1994, 2002, 2010, 2015, 2023 എന്നീ വര്‍ഷങ്ങളിലും കലോത്സവത്തിനായി വേദിയൊരുക്കി. ഓരോ തവണ വേദിയൊരുക്കുമ്പോഴും ഓരോ പ്രത്യേകതകളുമുണ്ടായിരുന്നു. 1976 - കൂടുതല്‍ മത്സര ഇനങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു. കലോത്സവത്തിന് മുമ്പായുള്ള ഘോഷയാത്രയുടെ തുടക്കവും ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്ക് ആദ്യമായി സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തിയത് 1987 ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോള്‍. 1994 ല്‍ വേദിയൊരുക്കിയപ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്നും സിബിഎസ്‍സി വിദ്യാര്‍ത്ഥികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവം ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നത് 2010 ല്‍ കോഴിക്കോട് വേദിയൊരുക്കിയപ്പോഴാണ്. ഒടുവില്‍ 61 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയൊരുങ്ങുന്നതും കോഴിക്കോട്. അതായത് പറഞ്ഞ് വന്നത് കോഴിക്കോടും സംസ്ഥാന സ്കൂള്‍ കലോത്സവവും തമ്മില്‍ ഒരു അഭേദ്ധ്യമായ ഒരു ബന്ധമുണ്ടെന്ന് തന്നെ. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം തൃശ്ശൂരാണെന്ന ഖ്യാതി പോലെ തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ തറവാടാണ് കോഴിക്കോടെന്ന് വേണമെങ്കില്‍ പറയാമെന്ന് തന്നെ.

Post a Comment

Previous Post Next Post