കോഴിക്കോട്: പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 10 ജീവനുകൾ. തിരുവനന്തപുരം, അടിമാലി, ആലപ്പുഴ, ഏനാത്ത്, തിരുവല്ല, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്.
Read also: മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി; താമരശേരി സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിൽ
ആലപ്പുഴയിൽ പൊലീസ് വാഹനത്തിൽ ബൈക്കിടിച്ച് രണ്ടു യുവാക്കളാണ് മരിച്ചത്. തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് സൈനികന് ജീവന്‍ നഷ്ടമായി. ആലപ്പുഴയിൽ ജില്ലാ ക്രൈം റേക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയുടെ വാഹനത്തില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്.
പത്തനംതിട്ടയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേർക്ക് ജീവന്‍ നഷ്ടമായി. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. അടൂർ ഏനാത്ത് നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് ഏനാത്ത് സ്വദേശിയായ തുളസീധരൻ മരിച്ചു.
തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. കിളിമാനൂരില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് സൈനികനായ ആരോമല്‍ (25) മരിച്ചത്. ഉച്ചയോടെ മേൽപ്പുറത്ത് കാർ മതിലിൽ ഇടിച്ച് ഒറ്റശേഖരമംഗലം സ്വദേശി വിജിൻദാസും മരിച്ചു. കഴിഞ്ഞദിവസം കുളച്ചലിലെ കേറ്ററിങ് സർവീസ് കഴിഞ്ഞ് ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.
ഇടുക്കി അടിമാലിയിൽ ബസ് മറിഞ്ഞാണ് ഒരു വിദ്യാർഥി മരിച്ചത്. മലപ്പുറം സ്വദേശിയായ മിൽഹാജാണ് മരിച്ചത്. വളാഞ്ചേരി റീജ്യണൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് പുലർച്ചെ ഒന്നരയോടെ അപകടത്തിൽപ്പെട്ടത്. 70 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 40ലേറെ വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കോഴിക്കാട് കൊയിലാണ്ടിയിൽ ബസ് ഇടിച്ച് നെല്യാളി സ്വദേശി ശ്യമള (65)യ്ക്ക് ജീവന്‍ നഷ്ടമായി. ഇന്നു രാവിലെ പുതിയ ബസ് സ്റ്റാൻ്റിന് സമീപമായിരുന്നു അപകടം. കോഴിക്കോട് കക്കോടിയിൽ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനാണ് ജീവൻ നഷ്ടമായത്. കക്കോടി സ്വദേശി ചെറിയേടത്ത് ബിജുവാണ് മരിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
പത്തനംതിട്ട ളാഹയിൽ പമ്പയിൽ നിന്നും തിരുവനന്തപുരത്തിന് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു. 15 ശബരിമല തീർഥാടകർക്ക് അപകടത്തിൽ പരിക്കേറ്റു. ആരുടെയും നില ഗുരുതരലമല്ല. വയനാട് പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട വാന്‍ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്ത സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആർക്കും കാര്യമായ പരിക്കുകളില്ല. കടയുടെ ഒരു ഭാഗം പൂർണമായി തകർന്നു.
Tags:
Accident