മുക്കം : ഫെബ്രുവരി ഒന്നുമുതൽ മുക്കം നഗരത്തിൽ ഗതാഗതപരിഷ്കരണം ഏർപ്പെടുത്താൻ മുക്കം നഗരസഭ തീരുമാനിച്ചു. മുക്കം ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ അഭിലാഷ് ജങ്ഷനിലൂടെ ആലിൻചുവട് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
അരീക്കോട്, ചെറുവാടി, കൊടിയത്തൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതിയ സ്റ്റാൻഡിലും മറ്റു ബസുകൾ പഴയ സ്റ്റാൻഡിലും പ്രവേശിക്കണം. പഴയ സ്റ്റാൻഡിലേക്കുള്ള പ്രവേശനകവാടത്തിൽ ബസുകൾ നിർത്തി ആളുകളെ ഇറക്കാനും കയറ്റാനും പാടില്ല. ആലിൻചുവടുമുതൽ വില്ലേജ് റോഡ് വരെയും അഭിലാഷ് ജങ്ഷൻമുതൽ മുക്കം പാലംവരെയുമുള്ള റോഡിൽ ഇടതുവശവും വലതുവശവും മാറി ഒന്നിടവിട്ട ദിവസങ്ങളിൽ ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാം.
പി.സി. റോഡിൽ ഇടത്, വലത് വശങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെറിയ വാഹനങ്ങളും പാർക്ക് ചെയ്യാം. വില്ലേജ് റോഡിൽനിന്ന് മാർക്കറ്റ് റോഡിലേക്കുള്ള പ്രവേശനം അനുവദിക്കുന്നതല്ല. ഈ റോഡ് വൺവേയായി തുടരും. ഒന്നാംഘട്ടത്തിൽ സംസ്ഥാനപാതയിൽ തെരുവുകച്ചവടം അനുവദിക്കില്ല.
നാളെമുതൽ പത്താം തീയതി വരെ ട്രയൽ നടക്കും. പിന്നീട് നിയമം ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും. അഗസ്ത്യൻമുഴി സിവിൽ സ്റ്റേഷനു മുമ്പിലുള്ള ബസ്ബേയിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ബസുകൾ ബസ്ബേയിൽത്തന്നെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ട്രാഫിക് പരിഷ്കരണങ്ങൾ പ്രാവർത്തികമാക്കുന്നതിനാവശ്യമായ ബോധവത്കരണം നൽകുന്നതിന് സന്നദ്ധപ്രവർത്തകരെ ചുമതലപ്പെടുത്തുമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.
ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ ലിന്റോ ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് ബുധനാഴ്ചമുതൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നത്.
Traffic reform in Mukkam city from tomorrow