കോഴിക്കോട്:പാലൈസ്, തണ്ണീർപന്തൽ, സമോവർ, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സർബത്ത്, സാൾട്ട് ആന്റ് പെപ്പർ,ഉന്നക്കായ...അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിൽ ഒരുക്കിയ 'ചക്കരപ്പന്തൽ' ഭക്ഷണശാലയിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരിച്ച ഭക്ഷണശാലയിലേക്കാണ്. നിരനിരയായി പത്തു കൗണ്ടറുകൾ. ഓരോ കൗണ്ടറിലും ഭക്ഷണത്തിന്റെ മാഹാത്മ്യം വ്യക്തമാക്കുന്ന വരികൾ കുറിച്ചിട്ടിരിക്കുന്നതും കാണാം. ഭക്ഷണം വിളമ്പുന്നതിനായി മൂന്ന് ഷിഫ്റ്റുകളിലായി 1200 അധ്യാപകർ. കോഴിക്കോടിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതുന്ന തരത്തിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നതെന്നു നിസ്സംശയം പറയാം.
സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തിയവരുടെ മനസ്സ് നിറയ്ക്കുന്ന തരത്തിലാണ് ചക്കരപ്പന്തലിലെ ഭക്ഷണവിതരണം. ഭക്ഷണശാലയിലൊരുക്കിയ വേദിക്കു സമീപം നടത്തുന്ന അനൗൺസ്മെന്റിനനുസരിച്ചാണ് ഓരോ കൗണ്ടറിലും ഭക്ഷണം വിളമ്പുന്നത്. അതു കൊണ്ടു തന്നെ തിക്കും തിരക്കുമില്ലാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാമെന്നു പറയുന്നു കലോത്സവത്തിനെത്തിയവർ. ദിവസേന നാലു നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന ഭക്ഷണവിതരണം രാത്രി 10 മണി വരെ നീളും.
പൈനാപ്പിൾ പച്ചടി, അവിയൽ, അരിപ്പായസം തുടങ്ങി 12 കൂട്ടം വിഭവങ്ങളാണ് കലോത്സവത്തിന്റെ ഒന്നാം ദിനം കലവറയിലൊരുങ്ങിയത്. ഭക്ഷണശേഷം മധുരത്തിനായി കോഴിക്കോടിന്റെ സ്വന്തം ഹൽവയുമുണ്ട്. ഒന്നാം ദിനം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസും ചക്കരപ്പന്തലിലെത്തിയിരുന്നു. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണമൊരുക്കുന്നത്. എഴുപത് പേരടങ്ങുന്ന സംഘമാണ് പഴയിടം രുചികളുമായി കോഴിക്കോടെത്തിയത്.
Tags:
Kalolsavam