താമരശ്ശേരി ചുരം റോപ്‌വേ 2025-ൽ യാഥാർത്ഥ്യമാവും - മന്ത്രി പി എ മുഹമ്മദ് റിയാസ്



താമരശ്ശേരി: ചുരത്തിലെ കുരുക്കിന് ബദലായി ലക്കിടിയില്‍നിന്ന് അടിവാരംവരെയുള്ള റോപ്‌വേ 2025-ല്‍ യാഥാര്‍ഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അത് ലക്ഷ്യംവെച്ചുള്ള പദ്ധതി ആസൂത്രണംചെയ്യാനാണ് ആലോചിക്കുന്നതെന്ന് തിരുവനന്തപുരത്തുചേര്‍ന്ന എം.എല്‍.എ.മാരുടെയും വിവിധ സംഘടനാ, വകുപ്പ് പ്രതിനിധികളുടെയും യോഗത്തില്‍ മന്ത്രി പറഞ്ഞു.
പദ്ധതിക്ക് വേഗംകൂട്ടുന്നതിന് വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഉടന്‍ യോഗം വിളിക്കാനും തീരുമാനമായി.
വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരത്തുനിന്ന് ലക്കിടിവരെ 3.7 കിലോമീറ്റര്‍ നീളത്തില്‍ റോപ്‌വേ നിര്‍മിക്കുക. 40 കേബിള്‍കാറുകളാണുണ്ടാവുക. 150 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. 

പദ്ധതിക്കായി അടിവാരത്ത് പത്തേക്കര്‍ ഭൂമിയും ലക്കിടിയില്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും വാങ്ങിയിരുന്നു. വിശദപദ്ധതിരേഖയും നേരത്തേ സമര്‍പ്പിച്ചതാണ്. പദ്ധതി കടന്നുപോവുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ബാക്കിയുണ്ട്. അതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.


പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ റോപ്‌വേയായിരിക്കുമിത്. നിലവില്‍ ചുരം വഴിയുള്ള യാത്രാപ്രശ്‌നവും പരിഹരിക്കപ്പെടും. 

യോഗത്തില്‍ എം.എല്‍.എ.മാരായ ടി. സിദ്ദിഖ്, ലിന്റോ ജോസഫ്, വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, ഒ.എ. വീരേന്ദ്രകുമാര്‍, ബേബി നിരപ്പത്ത് എന്നിര്‍ പങ്കെടുത്തു.

Thamarassery Churam Ropeway to be completed by 2025 - Minister PA Muhammad Riyas

Post a Comment

Previous Post Next Post